
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. കേരള ഹൗസിൽനിന്ന് മാർച്ച് നടത്താൻ ഒരുങ്ങുന്നതിനിടെയാണ് പൊലീസ് നടപടി. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് തടയുകയും ചെയ്തു. സംഭവത്തെ ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയൻ വിശേഷിപ്പിച്ചു. സിജെപി നടത്തുന്ന സമരത്തിന് പിന്തുണ നൽകേണ്ടത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്ന നിലപാടിൽ നേതാക്കൾ ഉറച്ചുനിന്നു. ഇതോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.










