
ന്യൂഡൽഹി: കൊണാട്ട് പ്ലേസിൽ ഇന്ന് വൈകീട്ട് നടത്താനിരിക്കുന്ന തിരംഗാ മാർച്ചിന് മുന്നോടിയായി സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ വസതിയിലെത്തി ഡൽഹി പോലീസ്. ഝണ്ടേവാലനിലെ വസതിയിലെത്തിയ പോലീസ് സംഘം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ നിലവിലുണ്ടെന്ന് അറിയിക്കുകയും മാർച്ചിൽ നിന്ന് പിന്മാറണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച നോട്ടീസും അഭിജീത്തിന് കൈമാറി.
നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നാണ് നോട്ടീസിലെ നിർദേശം. പോലീസ് അഭിജീത്തിന്റെ വസതിയിലെത്തിയതിന്റെ ദൃശ്യങ്ങൾ സിജെപി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഇന്ന് വൈകീട്ട് അഞ്ചിന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലാണ് സിജെപിയുടെ ‘ലെഹ്രാ ദോ തിരംഗ’ എന്ന പേരിലുള്ള പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ദേശീയപതാകയുമായി പരിപാടിയിൽ പങ്കെടുക്കാൻ ജനങ്ങളോട് പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് തിരംഗാ മാർച്ച് സംഘടിപ്പിക്കുന്നത്.










