
ന്യൂഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപം ഇന്നലെ വൈകിട്ട് നടന്ന ശക്തമായ സ്‌ഫോടനത്തിൽ പതിമൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ട് 6.52നാണ് സംഭവം നടന്നതെന്ന് ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൽച മാധ്യമങ്ങളോട് അറിയിച്ചു.
റോഡിൽ പതുക്കെ വന്ന വാഹനം റെഡ് ലൈറ്റിൽ നിർത്തിയതിനു പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായത്. ഹ്യുണ്ടായ് ഐ20 മോഡൽ കാറിലാണ് സ്‌ഫോടനം നടന്നതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാരുതി ഈക്കോ വാനിലാണ് ആദ്യം തീപിടിച്ചതെന്നും പിന്നീട് തീ മറ്റ് വാഹനങ്ങളിലേക്ക് പടർന്നതായും ദൃക്സാക്ഷികൾ പറഞ്ഞു.
സ്‌ഫോടനത്തിന്റെ ആഘാതം സമീപ വാഹനങ്ങളിലേക്കും വ്യാപിച്ചു. ആറോളം വാഹനങ്ങൾക്ക് തീപിടിച്ചു.റോഡിൽ ശരീരാവശിഷ്ടങ്ങൾ കണ്ടതായി ചില ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കാറിൽ രണ്ടോ മൂന്നോ പേരുണ്ടായിരുന്നുവെന്ന് കമ്മീഷണർ പറഞ്ഞു. കാറിൽ മൂന്ന് പേരുണ്ടായിരുന്നുവെന്ന് ചില ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് എഫ്എസ്എൽ, എൻഐഎ അടക്കമുള്ള വിവിധ അന്വേഷണ ഏജൻസികൾ പരിശോധന തുടരുകയാണ്. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതായി പൊലീസ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയതായി കമ്മീഷണർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രിയോട് വിശദീകരണം തേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനത്തിരക്കുള്ള പ്രദേശത്ത് നിർത്തിയിട്ട കാറിലാണ് സ്‌ഫോടനം ഉണ്ടായത് എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.











