
ന്യൂഡൽഹി: രാജ്യത്തിന്റെ സുരക്ഷയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്തെന്ന സംശയത്തിൽ ഒൻപത് പേരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ശൃംഖലയുമായും ബന്ധമുള്ളവരാണിവരെന്ന് പോലീസ് അറിയിച്ചു. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരും വിദേശ പൗരന്മാരും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരിൽനിന്ന് വൻതോതിൽ ആയുധങ്ങളും സുരക്ഷാ ഏജൻസികൾ പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കി. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വ്യക്തിഗത വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ഗൂഢാലോചനയാണ് സംഘം നടത്തിയിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ആണവ നിലയങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഊർജ ഉൽപാദന കേന്ദ്രങ്ങൾ എന്നിവ ആക്രമണ ലക്ഷ്യപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്നും സുരക്ഷാ സേനാംഗങ്ങൾക്കെതിരെയും ആക്രമണ പദ്ധതികൾ ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശനിയാഴ്ച വൈകിട്ട് നടക്കുന്ന വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.
ഇതിനിടെ, ഭീകരാക്രമണ സാധ്യത സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ദേശീയ തലസ്ഥാനത്ത് നേരത്തേ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് പാക് ബന്ധം ആരോപിക്കപ്പെടുന്ന ഒൻപത് പേരുടെ അറസ്റ്റ് നടന്നത്.










