
ന്യൂഡൽഹി: ലോറൻസ് ബിഷ്ണോയ് സംഘത്തിനായി ദീർഘകാലമായി പ്രവർത്തിച്ചുവന്ന യുവതി അറസ്റ്റിൽ. ലോറൻസ് സംഘത്തിന് ആയുധങ്ങളും ലഹരിവസ്തുക്കളും എത്തിക്കുന്ന ഗൺമാൻ ബോബി കബൂത്തറിന്റെ അടുത്ത സഹായി ഖുസ്നുമ അൻസാരി (നേഹ)യാണ് പിടിയിലായത്. പൊലീസ് രേഖകളിൽ ഇവർ ‘മാഡം സെഹർ’ അഥവാ ‘മാഡം വിഷം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ–കൗണ്ടർ ഇന്റലിജൻസാണ് ഇവരെ പിടികൂടിയത്.
ബോബി കബൂത്തറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറൻസ് ബിഷ്ണോയ് സംഘത്തിന് പുറമെ ഹാഷിം ബാബ സംഘത്തിനും വേണ്ടി പ്രധാന ലോജിസ്റ്റിക്സ് കണ്ണിയായി ഇവർ പ്രവർത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഗ്യാങ്ങുകളുടെ നേതൃത്വനിരയിലേക്കും സ്ത്രീകൾ കടന്നുവരുന്ന പ്രവണത ശക്തമാകുന്നതായും പൊലീസ് നിരീക്ഷിക്കുന്നു. ഹാഷിം ബാബയുടെ ഭാര്യ സോയ ഖാൻ, ദീപ എന്നിവരുടെ അറസ്റ്റിന് പിന്നാലെയാണ് മാഡം സെഹറും പിടിയിലാകുന്നത്. മഹിപാൽപൂർ ഫ്‌ളൈഓവറിന് സമീപം നടത്തിയ അറസ്റ്റിനിടെ വലിയ തോതിൽ മയക്കുമരുന്നും ഇവരുടെ കയ്യിൽ നിന്നും പിടികൂടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മാഡം വിഷം എന്ന പേര് ലേഡി ഡോണിന് ലഭിച്ചത്.
പാക്കിസ്ഥാനിലെ ഐഎസ്ഐയുമായി ബന്ധമുള്ള ഇന്ത്യയിലെ അനധികൃത ആയുധ വിതരണക്കാരായ സലീം പിസ്റ്റളിൽ നിന്നാണ് കബൂത്തറും മാഡം സെഹറും ആയുധങ്ങൾ വാങ്ങിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ ആയുധങ്ങൾ പല ഹൈ പ്രൊഫൈൽ കുറ്റകൃത്യങ്ങൾക്കും വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്. സിദ്ദു മൂസേവാല വധം,ദിഷ പടാനിയുടെ വസതിക്ക് പുറത്തുണ്ടായ വെടിവയ്പ്പ്, ഡൽഹി നാദിർഷാ വധം, സീലാംപൂർ ഇരട്ടക്കൊല എന്നിവയിലുൾപ്പെടെ ഈ കണ്ണികൾ ഉണ്ടായിരുന്നു.
പകൽസമയം വടക്കുകിഴക്കൻ ഡൽഹിയിൽ ബ്യൂട്ടി പാർലർ ഉടമയായും രാത്രികാലങ്ങളിൽ ഗ്യാങ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. അനധികൃത പ്രവർത്തനങ്ങൾക്ക് മറയായി പാർലർ ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു. മൂസേവാല വധക്കേസിൽ ഗായകന്റെ ചലനങ്ങൾ ആദ്യം നിരീക്ഷിച്ചത് കബൂത്തറാണെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരങ്ങളാണ് പ്രതികളെ കുടുക്കാൻ സഹായമായത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യൽ തുടരുകയാണ്.











