04:22pm 28 August 2026
NEWS
21കാരിയായ വിദ്യാർഥിനിയെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി
27/08/2026  11:13 AM IST
21കാരിയായ വിദ്യാർഥിനിയെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ 21കാരിയായ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. മുസ്കാൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ജിം ട്രെയിനറായ ഇമ്രാനാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

തിലക് നഗറിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വാടകവീട്ടിലാണ് മുസ്കാനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു യുവതി താമസിച്ചിരുന്നത്. കത്തിയുമായി എത്തിയ ഇമ്രാൻ മുസ്കാനെ ആക്രമിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

യുവതിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മുസ്കാനെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അഡീഷനൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അഭിഷേക് ഗുപ്ത പറഞ്ഞു.

മൂന്ന് സഹോദരിമാരിൽ ഏറ്റവും ഇളയവളായിരുന്നു മുസ്കാനെന്ന് സുഹൃത്ത് അമൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ ചണ്ഡീഗഢിലുള്ള മുസ്കാന്റെ മൂത്ത സഹോദരി അമനെ വിളിച്ച് ഉടൻ വീട്ടിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. ആരോ മുസ്കാനെ കുത്തിയെന്ന വിവരമാണ് സഹോദരി അറിയിച്ചതെന്ന് അമൻ പറഞ്ഞു.

മുസ്കാനെ ഇമ്രാൻ നേരത്തെയും നിരന്തരം ശല്യം ചെയ്തിരുന്നതായി സഹോദരിമാർ പറഞ്ഞിരുന്നുവെന്നും അമൻ വെളിപ്പെടുത്തി. ഇതാണ് അന്വേഷണത്തിന്റെ ഭാഗമായി ഇമ്രാനിലേക്ക് പൊലീസിന്റെ സംശയം നീളാൻ കാരണമായത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img