10:36pm 03 June 2026
NEWS
ഡൽഹി റസ്റ്ററന്റിലെ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു
03/06/2026  01:22 PM IST
nila
ഡൽഹി റസ്റ്ററന്റിലെ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു

ന്യൂഡൽഹി: ഡൽഹിയിലെ മാളവ്യ നഗറിലുള്ള ലെമൺ ഗ്രീൻ റസ്റ്ററന്റിലുണ്ടായ വൻ തീപിടിത്തത്തിൽ 10 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. അതേസമയം, മരണസംഖ്യ 20 ആയി ഉയർന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ ബഹുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 8.50 ഓടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. എന്നാൽ 9.45 ഓടെയാണ് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അധികൃതർ അറിയിച്ചു.

അറിയിപ്പ് ലഭിച്ച ഉടൻ നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ കൂടുതൽ യൂണിറ്റുകളും എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

തീപിടിത്തത്തിന് പിന്നാലെ കെട്ടിടത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

മരിച്ചവരിൽ വിദേശ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കൻ സ്വദേശികളാണ് ഭൂരിഭാഗം പേരെന്നും ചില രാഷ്ട്രീയ നേതാക്കൾ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, തീപിടിത്തത്തിനിടെ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ചിലർ ജീവൻ രക്ഷിക്കാനായി മുകളിലത്തെ നിലകളിൽ നിന്ന് താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവസ്ഥലത്ത് പരിശോധനയും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട നടപടികളും തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img