
ന്യൂഡൽഹി: 21 പേരുടെ മരണത്തിനിടയാക്കിയ തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലെ ഹോട്ടൽ തീപിടിത്തക്കേസിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയ്‌ക്കെതിരെ നേരത്തേ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സംഘങ്ങൾ രൂപീകരിച്ച് വ്യാപക പരിശോധന നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇന്നലെ രാവിലെ മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേരാണ് മരിച്ചത്. മരിച്ചവരിൽ ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 17 വിദേശ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 37 ഓളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താനായപ്പോൾ, 40-ലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ രാവിലെ 9.45 ഓടെയാണ് തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റിന് ലഭിച്ചത്. ഉടൻ തന്നെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടകാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. പ്രാഥമിക നിഗമനം ഷോർട്ട് സർക്യൂട്ടിലേക്കാണ് വിരൽചൂണ്ടുന്നതെങ്കിലും, സിലിണ്ടർ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമായതെന്ന ദൃക്‌സാക്ഷി മൊഴികളും പുറത്തുവന്നിട്ടുണ്ട്.











