
ന്യൂഡൽഹി: നിങ്ങളുടെ വിവാഹബന്ധത്തിൽ മറ്റൊരു വ്യക്തി ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കിയാൽ അവർക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാം. ഡൽഹി ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച് സുപ്രധാനമായ ഒരു നിരീക്ഷണം നടത്തിയത്.
Shelly Mahajan v. Ms. Bhanushree Bahl & Anr. എന്ന കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 'Alienation of Affection' എന്ന ആശയം ഇന്ത്യൻ നിയമത്തിൽ നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും, ഇത് ആംഗ്ലോ-അമേരിക്കൻ നിയമങ്ങളിൽ നിന്നുള്ള ഒരു തത്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ചില കോടതി വിധികൾ ഈ തത്വം അംഗീകരിച്ചിട്ടുണ്ട്.
ഇത്തരം കേസുകൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുള്ള ചരിത്രം ഇന്ത്യൻ കോടതികൾക്കില്ലെങ്കിലും, ഒരു ദമ്പതിക്ക് ഇങ്ങനെയൊരു സിവിൽ കേസ് ഫയൽ ചെയ്യാൻ നിയമപരമായി തടസ്സങ്ങളില്ലെന്നും കോടതി അറിയിച്ചു. വിവാഹമോചന കേസ് പോലുള്ള നിയമനടപടികൾ നിലവിലുണ്ടെങ്കിലും ഈ കേസ് അതിൽ നിന്ന് വ്യത്യസ്തമായ ഒരു സിവിൽ അവകാശമാണെന്നും കോടതി നിരീക്ഷിച്ചു.
വ്യഭിചാരം ക്രിമിനൽ കുറ്റമല്ല, പക്ഷേ...
Joseph Shine കേസിൽ സുപ്രീം കോടതി വ്യഭിചാരം ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ചിരുന്നു. എന്നാൽ ഇതിനർത്ഥം വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങൾക്ക് നിയമപരമായോ സിവിൽപരമായോ യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടാകില്ല എന്നല്ലെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു.
കൂടാതെ, ഇത് കുടുംബകോടതികളിലെ നിയമപ്രശ്നമല്ലെന്നും, മറിച്ച് ഒരു വ്യക്തിക്കെതിരെയുള്ള സിവിൽപരമായ കുറ്റകൃത്യമായി (tortious action) കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. അതിനാൽ ഇത്തരം കേസുകൾ ഫയൽ ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളില്ല.











