02:13pm 19 June 2026
NEWS
നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായുള്ള ടെലഗ്രാം വിലക്ക്; കേന്ദ്ര നടപടി ശരിവെച്ച് ഡൽഹി ഹൈക്കോടതി
19/06/2026  12:27 PM IST
nila
നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായുള്ള ടെലഗ്രാം വിലക്ക്; കേന്ദ്ര നടപടി ശരിവെച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷ നടക്കാനിരിക്കെ മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവെച്ചു. ജൂൺ 22 വരെ ഇന്ത്യയിൽ ടെലഗ്രാമിന് ഏർപ്പെടുത്തിയ വിലക്ക് തുടരാമെന്ന് കോടതി വ്യക്തമാക്കി.സെക്ഷൻ 69A പ്രകാരമുള്ള അധികാരം ഉപയോഗിച്ച് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി നിയമപരമാണെന്നും, പരീക്ഷാ സുരക്ഷ ഉറപ്പാക്കാൻ അത്യാവശ്യമായ മുൻകരുതലെന്ന നിലയിലാണ് ഈ തീരുമാനമെന്നും ജസ്റ്റിസ് തേജസ് കരിയ നിരീക്ഷിച്ചു. തീരുമാനമെടുക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചാ ശ്രമങ്ങളും നടത്താൻ ടെലഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പരാതിയെ തുടർന്നാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. ടെലഗ്രാമിന്റെ സവിശേഷതകൾ ദുരുപയോഗം ചെയ്ത് സൈബർ കുറ്റവാളികളും തീവ്രവാദ ഗ്രൂപ്പുകളും പരീക്ഷാ തട്ടിപ്പ് സംഘങ്ങളും പ്രവർത്തിക്കുന്നതായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) വിലയിരുത്തലുകൾ സൂചിപ്പിക്കുന്നുവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, മുഴുവൻ പ്ലാറ്റ്ഫോമിനെയും വിലക്കുന്നതിനുപകരം പ്രശ്നമുള്ള അക്കൗണ്ടുകളെയോ ഉള്ളടക്കങ്ങളെയോ മാത്രം തടയാമായിരുന്നില്ലേയെന്ന് ടെലഗ്രാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ധ്രുവ് മേത്ത ചോദ്യം ചെയ്തു. നീറ്റ് പോലുള്ള പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തെയോ അഖണ്ഡതയെയോ എങ്ങനെ ബാധിക്കുന്നുവെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.

എന്നാൽ പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനും പൊതുതാൽപര്യം സംരക്ഷിക്കുന്നതിനുമായി സർക്കാർ സ്വീകരിച്ച നടപടി ന്യായമാണെന്ന് വിലയിരുത്തിയ കോടതി, ടെലഗ്രാമിന്റെ വാദങ്ങൾ തള്ളുകയും വിലക്ക് തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img