11:38am 31 May 2026
NEWS
നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തേണ്ടെന്ന് ഡൽഹി ഹൈക്കോടതി
25/08/2025  03:59 PM IST
nila
 നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തേണ്ടെന്ന് ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തേണ്ടെന്ന് ഡൽഹി ഹൈക്കോടതി. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ ഡൽഹി സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് കോടതി റദ്ദാക്കി. 'കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കുന്നു' എന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി. 

 2017-ലാണ് മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ (ആർടിഐ) അപേക്ഷകന് നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷൻ സർവകലാശാലയോട് നിർദ്ദേശിച്ചത്. എന്നാൽ, ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഡൽഹി സർവകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീൽ പരി​ഗണിച്ചാണ് ജസ്റ്റിസ് സച്ചിൻ ദത്ത കമ്മിഷൻ ഉത്തരവ് റദ്ദാക്കിയത്.

 വിധിയിൽ പറയുന്നത്. പ്രധാനമന്ത്രി മോദി ഡൽഹി സർവകലാശാലയിൽ നിന്ന് 1978-ൽ ബിഎ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയെന്നാണ് പറയപ്പെടുന്നത്. 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎ ബിരുദം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ നൽകണമെന്നാണ് വിവരാവകാശ അപേക്ഷകൻ ആവശ്യപ്പെട്ടിരുന്നത്.

2016-ൽ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്രധാനമന്ത്രി മോദിയോട് വിദ്യാഭ്യാസ യോഗ്യതകൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഈ വിഷയം പൊതുശ്രദ്ധയിലേക്ക് വരുന്നത്. 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിഎ ബിരുദം നേടിയതായി പ്രധാനമന്ത്രി മോദി തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

കെജ്‌രിവാൾ രംഗത്തെത്തുന്നതിന് ഒരു വർഷം മുൻപ്, ഡൽഹി സർവകലാശാല 1978-ൽ നൽകിയ എല്ലാ ബിഎ ബിരുദങ്ങളുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് നീരജ് ശർമ്മ എന്നയാൾ ഒരു വിവരാവകാശ അപേക്ഷ നൽകിയിരുന്നു.ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ 'സ്വകാര്യമാണെന്നും' അതിന് 'പൊതുതാൽപ്പര്യവുമായി യാതൊരു ബന്ധവുമില്ലെന്നും' ചൂണ്ടിക്കാട്ടി സർവകലാശാല അത് വെളിപ്പെടുത്താൻ വിസമ്മതിച്ചു.

2016-ൽ സർവകലാശാലയുടെ മറുപടിക്കെതിരെ നീരജ് ശർമ്മ കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചു. തുടർന്ന് 1978-ൽ ബിഎ പാസായ വിദ്യാർത്ഥികളുടെ പട്ടിക അടങ്ങിയ രജിസ്റ്റർ പരസ്യമാക്കാൻ ഡൽഹി സർവകലാശാലയോട് നിർദ്ദേശിച്ചുകൊണ്ട് വിവരാവകാശ കമ്മിഷണർ പ്രൊഫ. എം ആചാര്യലു ഉത്തരവിറക്കി.

2017-ൽ വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സർവകലാശാല ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, രാജ്യത്തെ സർവകലാശാലകൾ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ബിരുദ വിവരങ്ങൾ വിശ്വാസപരമായ നിലയിൽ സൂക്ഷിക്കുന്നവയാണെന്നുമുള്ള സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്തയുടെ വാദങ്ങൾ പരിഗണിച്ച്, 2017- ജനുവരിയിൽ കോടതി നീരജ് ശർമ്മയ്ക്ക് നോട്ടീസ് അയക്കുകയും ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img