09:48am 30 April 2026
NEWS
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ; ഡൽഹി സർക്കാരിന്റെ ‘രാഹ് വീർ’ പദ്ധതി
26/02/2026  08:36 AM IST
nila
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ; ഡൽഹി സർക്കാരിന്റെ ‘രാഹ് വീർ’ പദ്ധതി

ന്യൂഡൽഹി: റോഡപകടങ്ങളിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ ഡൽഹി സർക്കാർ. ഇതിന്റെ ഭാ​ഗമായി റോഡപകടങ്ങളിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തിരക്കേറിയ റോഡുകളിൽ അപകടമുണ്ടാകുമ്പോൾ കാണികൾ കൂടുന്നതാണ് പതിവെങ്കിലും, നിയമനടപടികളോടുള്ള ഭയവും മുൻ ദുരനുഭവങ്ങളും പലരെയും രക്ഷാപ്രവർത്തനത്തിൽ നിന്ന് പിന്മാറ്റുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി.

കേന്ദ്ര സർക്കാരിന്റെ ‘ഗുഡ് സമരിറ്റൻ’ മാർഗനിർദേശങ്ങൾ പിന്തുടർന്ന് നടപ്പാക്കുന്ന ‘രാഹ് വീർ’ പദ്ധതി പ്രകാരം, റോഡരികിൽ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നവരെ ഏറ്റവും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്കാണ് സമ്മാനത്തിന് അർഹത. പൊതുജനങ്ങളിൽ സഹായ മനോഭാവം വളർത്തുകയും, അപകടബാധിതർക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

തട്ടിപ്പ് ഒഴിവാക്കാൻ കർശന മേൽനോട്ടം

പാരിതോഷിക വിതരണം സുതാര്യമായി നടക്കാൻ ജില്ലാതല മൂല്യനിർണയ സമിതി രൂപീകരിക്കും. ജില്ലാ മജിസ്‌ട്രേറ്റ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ, ചീഫ് മെഡിക്കൽ ഓഫീസർ, ആർടിഒ എന്നിവർ അംഗങ്ങളായ സമിതിയാണ് ഓരോ കേസും പരിശോധിക്കുക. പരിശോധന പൂർത്തിയായ ശേഷം അർഹരായ ഗുണഭോക്താക്കൾക്ക് തുക ഓൺലൈൻ ട്രാൻസ്ഫർ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.

2025ൽ ഡൽഹിയിലെ റോഡപകടങ്ങളിൽ 1,617 പേർ ജീവൻ നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ, ‘രാഹ് വീർ’ പദ്ധതി പൊതുജനങ്ങളുടെ സമീപനത്തിൽ മാറ്റം കൊണ്ടുവരുമെന്നും അപകടങ്ങളിൽപ്പെട്ടവർക്ക് വേഗത്തിൽ സഹായം ലഭ്യമാക്കുന്നതിൽ നിർണായകമാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img