
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച റാണെയെ പട്യാല ഹൗസ് കോടതിയാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. പ്രത്യേക എൻഐഎ ജഡ്ജി ചന്ദർജിത് സിംഗാണ് തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്. റാണയെ പിന്നീട് ചോദ്യം ചെയ്യലിനായി എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
ഇന്നലെ രാത്രി പത്തരയോടെയാണ് റാണയെ പാട്യാല ഹൗസ് കോടതിയിലെത്തിച്ചത്. അതീവസുരക്ഷയിലാണ് ഇയാളെ കോടതിയിലെത്തിച്ചത്. പുലർച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയിൽ വിട്ടുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്. 20 ദിവസത്തെ കസ്റ്റഡിയായിരുന്നു എൻഐഎ ആവശ്യപ്പെട്ടതെങ്കിലും കോടതി 18 ദിവസത്തെ കസ്റ്റഡിക്കാണ് അനുമതി നൽകിയത്.
വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് യുഎസിൽ നിന്ന് പ്രത്യേക വിമാനത്തിൽ റാണയെ ഡൽഹിയിലെത്തിച്ചത്. കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികളടങ്ങുന്ന സംഘം കഴിഞ്ഞ കുറച്ചുദിവസങ്ങളായി യുഎസിലുണ്ടായിരുന്നു. റാണയെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിൽ ലഭിച്ച റാണയെ എൻ ഐഎ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുക. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നൽകിയ ഹർജി യുഎസ് സുപ്രീംകോടതി തളളിയതോടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുളള നിയമതടസങ്ങൾ പൂർണമായി നീങ്ങിയത്.
പാകിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ ലോസ് ആഞ്ചലസിലെ തടവുകേന്ദ്രത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
അസുഖബാധിതനായ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും രാജ്യത്തെത്തിയാൽ താൻ മതത്തിന്റെ അടിസ്ഥാനത്തിൽ പീഡനത്തിനിരയാകുമെന്നും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും റാണ യുഎസ് സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. 2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായ പാക്-യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി അടുത്ത ബന്ധമുളളയാളാണ് റാണ. 2008-ൽ മുംബൈയിൽ ഭീകരാക്രമണം നടക്കുന്നതിന് തൊട്ട് മുൻപുളള ദിവസങ്ങളിൽ റാണ ഇന്ത്യയിലുണ്ടായിരുന്നു. ഇയാൾ ഇന്ത്യവിട്ട് ദിവസങ്ങൾക്കുളളിലാണ് മുംബൈയിൽ ഭീകരാക്രമണമുണ്ടായത്. കോൾമാനുമായി ചേർന്ന് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് റാണ പിടിയിലായത്.
കേന്ദ്രസർക്കാരിനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നരേന്ദർ മാനിനെ നിയോഗിച്ചിരുന്നു. എൻഐഎയെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകൻ ദയാൻ കൃഷ്ണൻ ഹാജരായി. ഡൽഹി സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റി ഏർപ്പെടുത്തിയ അഭിഭാഷകൻ പിയൂഷ് സച്ച്‌ദേവാണ് തഹാവൂർ റാണയ്ക്കുവേണ്ടി കോടതിയിൽ ഹാജരായത്.











