
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സി.ജെ.പി. സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 21-കാരി യുവതി വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. ആർ.എം.എൽ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതിഷേധക്കാരെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ ആശുപത്രിയിലെത്തി. പരിക്കേറ്റവരുടെ ആരോഗ്യനില അവർ വിലയിരുത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്ന് ചികിത്സാ സൗകര്യങ്ങളും നിലവിലെ സാഹചര്യവും അവലോകനം ചെയ്തു.
ഇതിനിടെ സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കെയും ആർ.എം.എൽ. ആശുപത്രിയിലെത്തി പരിക്കേറ്റ യുവതിയെ സന്ദർശിച്ചു. തുടർന്ന് നടത്തിയ പ്രതികരണത്തിൽ, പ്രതിഷേധത്തിൽ പങ്കെടുത്തവർക്കുണ്ടായ പരിക്കുകളിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം പൊതുജനങ്ങളോടും പ്രവർത്തകരോടും പരസ്യമായി മാപ്പ് പറഞ്ഞു.
പ്രതിഷേധക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞില്ലെന്ന് സമ്മതിച്ച അഭിജിത്, പ്രത്യേകിച്ച് പോലീസിന്റെ നടപടിയിൽ പരിക്കേറ്റ വനിതാ പ്രതിഷേധക്കാരോടാണ് തന്റെ ഖേദമെന്നും പറഞ്ഞു. ഡൽഹി പോലീസിന്റെ നടപടിയെ വിമർശിച്ച അദ്ദേഹം, പ്രതിഷേധക്കാരെ സംരക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും ആരോപിച്ചു.
"ഞങ്ങളെ പിന്തുണച്ച എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു. പ്രത്യേകിച്ച് പുരുഷ പോലീസുകാരുടെ മർദനത്തിന് ഇരയായ പെൺകുട്ടിയോട്. പ്രതിഷേധക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങൾക്കുണ്ടായിരുന്നു. ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെങ്കിൽ എത്രയും വേഗം നേരിട്ട് എന്നെ ബന്ധപ്പെടണം," എന്നും അഭിജിത് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വിഷയങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയാണ് ഡൽഹി പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ 21-കാരിക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേറ്റത്.
അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട് എത്ര പേരെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നതിൽ ഇതുവരെ ഔദ്യോഗിക വിശദീകരണമില്ല. നിരവധി പ്രതിഷേധക്കാരെ തടങ്കലിലാക്കിയിട്ടുണ്ടെന്നും അവരുടെ വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്നും അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു.










