12:55pm 28 July 2026
NEWS
ഡൽഹി മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോ​ഗത്തിൽ ഭർത്താവും പങ്കെടുത്തത് വിവാദമാകുന്നു
08/09/2025  12:19 PM IST
nila
ഡൽഹി മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോ​ഗത്തിൽ ഭർത്താവും പങ്കെടുത്തത് വിവാദമാകുന്നു

ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിളിച്ചുചേർത്ത യോഗത്തിൽ അവരുടെ ഭർത്താവും പങ്കെടുത്തത് വിവാദമാകുന്നു. വികസനപ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിലാണ്  രേഖാ ഗുപ്തയ്‌ക്കൊപ്പം അവരുടെ ഭർത്താവ് മനീഷ് ഗുപ്തയും പങ്കെടുത്തത്. ബിസിനസുകാരനും സാമൂഹികപ്രവർത്തകനുമാണ് മനീഷ്. മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിൽ സർക്കാരിന്റെ ഭാഗമല്ലാത്ത വ്യക്തി പങ്കെടുത്തതിനെ വിമർശിച്ച് എഎപിയും കോൺഗ്രസും രംഗത്തെത്തി. 

രേഖാ ഗുപ്ത  ഷാലിമാർബാഗ് നിയമസഭാ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി ഞായറാഴ്ച വിളിച്ചു ചേർത്ത യോഗത്തിലാണ് മനീഷ് ഗുപ്ത പങ്കെടുത്തത്. രേഖയുടെ തൊട്ടടുത്ത് ഇടതുവശത്തായിരുന്നു മനീഷ് ഇരുന്നിരുന്നത്. സർക്കാരിന്റെ ഭാഗമല്ലാത്ത വ്യക്തി, ഔദ്യോഗികയോഗത്തിൽ പങ്കെടുത്തത് ഭരണഘടനാവിരുദ്ധമാണെന്ന് എഎപിയുടെ സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഹിന്ദി വെബ്‌സീരീസ് ആയ പഞ്ചായത്തിലെ ഫുലേരാ ഗ്രാമം പോലെയായി ഡൽഹി സർക്കാരെന്നും അദ്ദേഹം പരിഹസിച്ചു. ഫുലേരയിൽ വനിതാ സർപഞ്ചിന്റെ ഭർത്താവ് അനൗദ്യോഗികമായി അധികാരം നടപ്പാക്കുന്നുണ്ട്. ഇതിനെ സൂചിപ്പിച്ചായിരുന്നു ഭരദ്വാജിന്റെ പരിഹാസം.
 
എഎപി നേതാവ് സഞ്ജയ് സിങ്ങും പരിഹാസവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡൽഹിയിൽ രണ്ട് മുഖ്യമന്ത്രിമാരെ നിയമിച്ചിട്ടുണ്ടെന്നായിരുന്നു സിങ്ങിന്റെ പരിഹാസം. ഫുലേരാ പഞ്ചായത്തിലേക്ക് സ്വാഗതം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ രണ്ടുപേരെ മുഖ്യമന്ത്രിമാരാക്കി. രേഖാ ഗുപ്ത മുഖ്യമന്ത്രി. അവരുടെ ഭർത്താവ് സൂപ്പർ മുഖ്യമന്ത്രി. ആറുമാസംകൊണ്ട് ബിജെപി ഡൽഹിയെ നശിപ്പിച്ചു, അദ്ദേഹം പരിഹസിച്ചു. കോൺഗ്രസും രേഖാ ഗുപ്തയ്‌ക്കെതിരേ രംഗത്തെത്തി. ഡൽഹി സർക്കാരിനെ ആരാണ് നയിക്കുന്നത്. രേഖാ ഗുപ്തയാണോ അതോ അവരുടെ ഭർത്താവോ എന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. 

അതേസമയം, സർക്കാർ യോഗത്തിൽ മനീഷ് ഗുപ്ത പങ്കെടുത്തതിൽ യാതൊരു തെറ്റുമില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ഒരു സാമൂഹികപ്രവർത്തകനെന്ന നിലയിൽ ഷാലിമാർബാഗിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നയാളാണ് മനീഷെന്നുാണ് ബിജെപിയുടെ വാദം.  ജനങ്ങളുടെ പ്രതിനിധി സംഘത്തെ നയിച്ചത് അദ്ദേഹമാണെന്നും ഡൽഹി ബിജെപി നേതാവ് ഹർഷ് ഖുറാന പറഞ്ഞു. ഒരു പ്രതിനിധി എന്ന നിലയ്ക്ക് അദ്ദേഹത്തിന് അവിടെ ഇരിക്കാം. ഉദ്യോഗസ്ഥർക്കുവേണ്ടി മാത്രമുള്ള യോഗമായിരുന്നില്ല അത്. കുറച്ചു താമസക്കാരും യോഗത്തിൽ പങ്കെടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img