
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി അഞ്ചുനില കെട്ടിടം തകർന്നുവീണ് വൻ ദുരന്തം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡൽഹിയിലെ സത്യനികേതനിൽ അപകടമുണ്ടായത്. അപകടത്തിൽ ഇതുവരെ മൂന്ന് പേർ മരിച്ചതായി പൊലീസ് അറിയിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നും പൊലീസ് വ്യക്തമാക്കി. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിലെ പി.ജി ഹോസ്റ്റൽ കെട്ടിടമാണ് തകർന്നത്. കോളജ് വിദ്യാർഥികളാണ് പ്രധാനമായും ഇവിടെ താമസിച്ചിരുന്നത്. അപകടസമയത്ത് അൻപതോളം വിദ്യാർഥികൾ കെട്ടിടത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
കെട്ടിടം തകർന്നതോടെ നിരവധി വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ ഫോണിൽ ബന്ധപ്പെട്ട് തങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടതായി പ്രദേശവാസികൾ വ്യക്തമാക്കി. ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്നാണ് വിവരം. കുടുങ്ങിക്കിടക്കുന്നവരുമായി രക്ഷാപ്രവർത്തകർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അപകടസ്ഥലം സന്ദർശിച്ച എംഎൽഎ അനിൽ ശർമ പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ ആറുപേരെ എയിംസിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടത്തിൽ ആകെ 15 മുറികളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓരോ മുറിയിലും രണ്ടോ മൂന്നോ വിദ്യാർഥികൾ വീതമാണ് താമസിച്ചിരുന്നത്. പ്രതിമാസം ഏകദേശം 12,000 രൂപ വരെയാണ് ഓരോരുത്തരും വാടകയായി നൽകിയിരുന്നതെന്നും പ്രദേശവാസി പറഞ്ഞു. മോട്ടിലാൽ നെഹ്റു കോളജ്, ആത്മാറാം സനാതൻ ധർമ കോളജ്, ശ്രീ വെങ്കടേശ്വര കോളജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നതെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഇവിടെ താമസിച്ചിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
അപകടത്തിന് മുൻപ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചില നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതായും പ്രദേശവാസി വെളിപ്പെടുത്തി. കെട്ടിടം തകർന്നതിന്റെ യഥാർഥ കാരണം കണ്ടെത്താൻ അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്.











