
മിൽപീറ്റസ്: കാലിഫോർണിയയിൽ മലയാളി യുവതികളെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കേസിലെ നിയമനടപടികളും വിശദമായ അന്വേഷണവും പൂർത്തിയാക്കിയ ശേഷമേ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകൂവെന്നാണ് വിവരം. ഇതോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും കാലതാമസമുണ്ടാകുമെന്നാണ് സൂചന.
മിൽപീറ്റസിലെ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന തൃശൂർ മണ്ണുത്തി സ്വദേശി അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശിനിയായ അനിലയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ നീല നിറത്തിലുള്ള കാർ യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോയതായി ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചു. കാർ ഓടിച്ചിരുന്നത് സ്ത്രീയാണെന്നും ഇവർ പൊലീസിന് മൊഴി നൽകി.
പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അഞ്ജന മരിച്ചിരുന്നു. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ മുൻഭാഗം തകർന്ന നിലയിൽ ഇടിച്ച കാറും കണ്ടെത്തി. തുടർന്ന് വാഹനം ഓടിച്ചിരുന്ന അനിലയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഞ്ജനയുടെ മരണവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആൻ മേരി മാത്യുവിന്റെ ഭർത്താവ് ജേക്കബ് (മിഥുൻ) നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ട അഞ്ജനയും ആൻ മേരിയും കേസിലെ പ്രതിയായ അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് തൊട്ടുമുൻപ് മൂന്നുപേരും ഒരുമിച്ച് ഓണാഘോഷത്തിൽ പങ്കെടുക്കുകയും പിന്നീട് തിയേറ്ററിൽ സിനിമ കാണാൻ പോവുകയും ചെയ്തിരുന്നു. പിന്നീട് എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനുള്ള വിശദമായ അന്വേഷണത്തിലാണ് പൊലീസ്.
അഞ്ജന അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജേഷാണ് ഭർത്താവ്. ആറുവയസ്സുകാരിയായ മകളുണ്ട്. ആൻ മേരിയുടെ ഭർത്താവ് ജേക്കബ് ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് മൃതദേഹങ്ങളുടെ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാകും വിട്ടുനൽകുക എന്നാണ് സൂചന. അതിനാൽ ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.










