
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊല്ല അലി ഖമനയി കൊല്ലപ്പെട്ടിട്ട് ഏഴ് ആഴ്ചകൾ പിന്നിട്ടിട്ടും സംസ്കാരച്ചടങ്ങ് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്ത്. വലിയ പൊതു ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളാണ് ഖമനയിയുടെ സംസ്കാര ചടങ്ങുകൾ വൈകിപ്പിക്കുന്നതെന്ന് ഇറാനിയൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇസ്രയേൽ - അമേരിക്ക ആക്രമണ ഭീഷണിയും ജനക്കൂട്ടങ്ങളിൽ ഉണ്ടാകാവുന്ന സംഘർഷസാധ്യതയും കണക്കിലെടുത്താണ് സംസ്കാര ചടങ്ങുകൾ നീളുന്നത് എന്നാണ് റിപ്പോർട്ട്.
നിലവിലെ സാഹചര്യത്തിൽ സംസ്കാരചടങ്ങുകൾ നടത്തുന്നതിൽ അധികാരികൾ പിന്നോട്ടുപോകുന്നുവെന്നാണ് ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസിസിലെ ബെഹ്നം തലേബ്ലു പറഞ്ഞു. ഫെബ്രുവരി 28-ന് നടന്ന യുഎസ്–ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ പതിവ് മതപരവും രാഷ്ട്രീയപരവുമായ രീതികളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് സംസ്കാരച്ചടങ്ങ് നീണ്ടുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ആഭ്യന്തര അസന്തോഷവും വിവരനിയന്ത്രണവുമായി ബന്ധപ്പെട്ട ആശങ്കകളും നിലനിൽക്കുന്നുവെന്ന് വിലയിരുത്തൽ. പൊതുചടങ്ങുകൾ പ്രതിഷേധങ്ങളിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് സർക്കാർ കൂടുതൽ ജാഗ്രത പാലിക്കുകയാണെന്നും വിദഗ്ധർ പറയുന്നു.










