03:46pm 01 May 2026
NEWS
സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പൻ അന്തരിച്ചു
01/05/2026  11:42 AM IST
NILA
സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പൻ അന്തരിച്ചു

കോട്ടയം: സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പൻ അന്തരിച്ചു. കഴിഞ്ഞ ഒക്‌ടോബറിലുണ്ടായ കാർ അപകടത്തെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തിരുവനന്തപുരത്തെ ഫ്‌ലാറ്റിന്റെ മുകളിലത്തെ പാർക്കിങ് നിലയിൽ നിന്ന് കാർ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ ഭാര്യ ഡോ.മിനി കാപ്പനും പരുക്കേറ്റിരുന്നു.

നിരവധി വിഷയങ്ങളിൽ ഡിജോ കാപ്പൻ കോടതി ഇടപെടലുകൾ സാധ്യമാക്കിയിരുന്നു. വൈദ്യുത നിരക്ക് വർധന, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഉയർത്തുന്ന ഭീഷണികൾ, കൊച്ചി നഗരത്തിലെ മാലിന്യനീക്കം, റോഡിലെ പരസ്യ ബോർഡും യോഗങ്ങളും, റെയിൽവേ നിരക്ക് വർധന തുടങ്ങിയ വിഷയങ്ങളിൽ കോടതി ഇടപെടലുകൾ സാധ്യമാക്കിയത് ഡിജോയുടെ ഹർജികളാണ്. ഉപഭോക്തൃ– കർഷക അവകാശ സംരക്ഷണം ലക്ഷ്യമിട്ട് 1988ൽ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ സ്ഥാപിച്ചു. സെന്ററിന്റെ ട്രസ്റ്റി എന്ന നിലയിലായിരുന്നു കോടതികളിലെ നിയമ പോരാട്ടം.

പാലാ ഇടമറ്റം കാപ്പിൽ കുടുംബത്തിൽ പരേതനായ കെ.സി.ജോസഫിന്റെയും മേരി ജോസഫിന്റെയും മകനായാണു ജനനം. സ്കൂൾ പഠനകാലത്ത് കേരള വിദ്യാർഥി കോൺഗ്രസിലൂടെയാണു (കെഎസ്‌സി) രാഷ്ട്രീയത്തിലെത്തിയത്. പാലാ സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാൻ, പഠിച്ച 3 കോളജുകളിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. പിന്നീട് കേരള സർവകലാശാല അക്കാദമിക് കൗൺസിൽ, സെനറ്റ് എന്നിവയിലും അംഗമായി.

കെഎസ്‌സി സംസ്ഥാന പ്രസിഡന്റ് (1983), യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി (1985), യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് (1989), കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി (1991), കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ, കേരള വോളിബോൾ അസോ. സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img