
ഡൽഹി: ജനപ്രതിനിധികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് അയോഗ്യത കൽപ്പിക്കാൻ സ്പീക്കർക്കുള്ള അധികാരം പാർലമെന്റ് പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. കൂറുമാറ്റവുമായി ബന്ധപ്പെട്ട കേസുകളിൽ തീരുമാനം എടുക്കാൻ സ്പീക്കർമാർ കാലതാമസം വരുത്തുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
തെലങ്കാനയിൽ ബി.ആർ.എസിൽ നിന്ന് കോൺഗ്രസിലേക്ക് കൂറുമാറിയ 10 എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന പരാതിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സുപ്രീം കോടതി സ്പീക്കർക്ക് നിർദേശം നൽകി. ഈ വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.
ജനാധിപത്യത്തിന് കൂറുമാറ്റങ്ങൾ ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അയോഗ്യതാ പരാതികളിൽ സ്പീക്കർ ഒരു ട്രൈബ്യൂണലായി പ്രവർത്തിക്കുമ്പോൾ, കാലതാമസമില്ലാതെ വേഗത്തിൽ തീരുമാനം എടുക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്വമാണ്. "ഓപ്പറേഷൻ വിജയം, രോഗി മരിച്ചു" എന്ന അവസ്ഥ ഉണ്ടാകുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അയോഗ്യതാ പരാതികളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കാത്തതിന് തെലങ്കാന ഹൈക്കോടതിയെയും സുപ്രീം കോടതി വിമർശിച്ചു.











