
കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരിയുടെ മരണ കാരണം ചൂരക്കറിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയല്ലെന്ന് നിഗമനം. കൊല്ലം കാവനാട് മീനത്തുചേരി ദിനേശ് ഭവനിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ(45) മരിച്ചത് ബ്രെയിൻ ഹെമറേജിനെ തുടർന്നെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. അതേസമയം, ഭക്ഷ്യവിഷബാധയാണോ ബ്രെയിൻ ഹെമറേജിലേക്ക് നയിച്ചതെന്ന് അറിയണമെങ്കിൽ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വരണം.
ബുധനാഴ്ച വൈകിട്ട് 4.30നാണ് ദീപ്തിപ്രഭ കുഴഞ്ഞുവീണത്. മരിച്ചത് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ശേഷം ചൂടാക്കിയ ചൂരക്കറി കഴിച്ചതിന് ശേഷമാണ് ദീപ്തിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യുവതിയുടെ ഭർത്താവിനും മകനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച വാങ്ങിയ ചൂര മത്സ്യം പാകം ചെയ്ത് ഫ്രിഡ്ജിൽ വച്ച ശേഷം ഇവർ കഴിച്ചിരുന്നു.
ബുധനാഴ്ച ഓഫീസിൽ പോയ ദീപ്തിപ്രഭയും വീട്ടിലായിരുന്ന ഭർത്താവും മകനും ചൂരക്കറി കഴിച്ചു. അതിന് പിന്നാലെ ഭർത്താവിനും മകനും ഛർദ്ദിയുണ്ടായി. ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ദീപ്തിപ്രഭ ഭർത്താവിനെയും മകനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുങ്ങവേ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതോടെയാണ് ചൂരക്കറിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാണെന്ന സംശയം ഉയർന്നത്. ഭർത്താവിനും മകനും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാൽ ഞായറാഴ്ച തന്നെ വീട്ടിലേക്ക് മടങ്ങി. ഭക്ഷ്യസുരക്ഷാ ഉദ്യാഗസ്ഥർ ചൂരക്കറിയുടെയും ഛർദ്ദിയുടെയും സാമ്പിളുകൾ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.











