01:08am 13 November 2026
NEWS
സീറ്റില്ലെങ്കിലും പ്രശ്നമില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ദീപ്തി മേരി വർഗീസ്
19/03/2026  07:35 AM IST
nila
സീറ്റില്ലെങ്കിലും പ്രശ്നമില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ദീപ്തി മേരി വർഗീസ്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റില്ലെങ്കിലും തനിക്ക് പ്രശ്‌നമില്ലെന്ന് ദീപ്തി മേരി വർഗീസ്. മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ദീപ്തി മേരി വർ​ഗീസിന്റെ പോസ്റ്ററുകൾ അച്ചടിച്ചത് വാർത്തായായിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് ദീപ്തി വ്യക്തമാക്കിയത്. 

പാർട്ടിയുടെ ഭാഗത്ത് നിന്ന് പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയതെന്നാണ് ദീപ്തി പറയുന്നത്. പോസ്റ്റർ അച്ചടിച്ചതും അതിന്റെ ഭാഗമായാണെന്നും ദീപ്തി മാധ്യമങ്ങളോട് പറഞ്ഞു.കൊച്ചിയിൽ ആര് സ്ഥാനാർത്ഥിയായാലും യുഡിഎഫ് തന്നെ വിജയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

എഐസിസി തീരുമാനം വന്നാൽ മാത്രമേ സ്ഥാനാർത്ഥിത്വത്തിൽ സ്ഥിരീകരണം നടത്താൻ കഴിയൂ. നേതൃത്വം മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിലും കുഴപ്പമില്ല. കൊച്ചിയിലെ സാഹചര്യം ഇത്തവണ യുഡിഎഫിന് അനുകൂലമാണ്. അതിനാൽ കൊച്ചിയിൽ ആര് യുഡിഎഫ് സ്ഥാനാർത്ഥിയായാലും സീറ്റ് തിരിച്ചുപിടിക്കും. ജനങ്ങൾക്കിടയിൽ വലിയ പിന്തുണ ഇത്തവണ യുഡിഎഫിനുണ്ട്. രണ്ടാംഘട്ട പട്ടിക പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കാം. സിറ്റിങ് എംഎൽഎമാർ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. എംഎൽഎമാർ ഇല്ലാത്ത മണ്ഡലങ്ങളിലും മുന്നൊരുക്കം ആവശ്യമുള്ളതിന്റെ ഭാഗമായിട്ടാണ് തയ്യാറെടുപ്പ് നടത്തിയതെന്നും ദീപ്തി പ്രതികരിച്ചു.

തൃക്കാരക്കര ആവശ്യപ്പെട്ടെങ്കിലും സിറ്റിങ് എംഎൽഎ മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കൊച്ചിയാകും ലഭിക്കുക എന്നതായിരുന്നു ലഭിച്ച വിവരം. പ്രചാരണത്തിന് സമയം കുറവായതിനാലാണ് മുന്നൊരുക്കമെന്ന നിലയിൽ തയ്യാറെടുപ്പ് നടത്തിയത്. നോമിനേഷൻ നൽകാനും സമയം കുറവാണ്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എഐസിസിയിൽ നിന്ന് വിവരം ലഭിക്കാതെ ഒന്നും പറയാൻ കഴിയില്ല. കോൺഗ്രസ് പ്രസ്ഥാനമെടുക്കുന്ന തീരുമാനം എന്തായാലും അതിനൊപ്പമായിരിക്കും താനും. സാധ്യതാ പട്ടികയിലുണ്ടെന്ന് ഉറപ്പാണെന്നും ദീപ്തി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img