
മഹാകുംഭ മേളയിലെ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ സാധിക്കാത്തവർക്കായി ‘ഡിജിറ്റൽ സ്നാൻ’ പദ്ധതി. പ്രയാഗ്‌രാജ് സ്വദേശിയായ യുവാവാണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. കുംഭമേളയിൽ നേരിട്ടെത്താൻ സാധിക്കാത്തവർ ഇദ്ദേഹത്തിന് ഓൺലൈനായി പണവും ചിത്രവും അയച്ചു കൊടുത്താൽ മതി. ആ ഫോട്ടോയുമായി കക്ഷി ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കും. ഇതിന്റെ പുണ്യം പണം നൽകിയ ആൾക്ക് ലഭിക്കുമെന്നാണ് ഈ സംരംഭകൻ അവകാശപ്പെടുന്നത്.
ഒരു വ്യക്തിക്ക് ‘ഡിജിറ്റൽ സ്നാൻ’ ചെയ്യാൻ 1,100 രൂപയാണ് നിരക്ക്. ഡിജിറ്റൽ സ്നാൻ നടത്തേണ്ടവരുടെ ചിത്രം ഇദ്ദേഹത്തിൻറെ വാട്സാപ്പിലേക്കും പണം ഓൺലൈൻ പെയ്മെൻറ് ആയും നൽകണം. വാട്സപ്പിൽ എടുക്കുന്ന ചിത്രങ്ങളുടെ കോപ്പി പ്രിൻറ് എടുത്താണ് ഇദ്ദേഹം ഈ ചടങ്ങ് നടത്തുന്നത്. പ്രയാഗ് രാജ് എൻറർപ്രൈസസ് എന്ന തൻറെ കമ്പനിയാണ് ഈ ഡിജിറ്റൽ സ്നാനം നൽക്കുന്നതെന്നും അദ്ദേഹം വീഡിയോയിൽ അവകാശപ്പെടുന്നു.
യുവാവിന്റെ സംരംഭത്തിന് സമ്മിശ്ര പ്രതികരണമാണ് സൈബർ ലോകത്ത് ലഭിക്കുന്നത്. ചിലർ ഇദ്ദേഹത്തിൻറെ സേവന വാഗ്ദാനം സ്വീകരിച്ചെങ്കിലും ചുരുക്കം ചിലർ ‘പുതിയ തട്ടിപ്പ്’ എന്ന് വിശേഷിപ്പിച്ച് വിമർശിച്ചു.











