
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ ഷിംജിത ജയിലിൽ തുടരും. ജാമ്യഹർജി പരിഗണിക്കുന്നതിനിടയിൽ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു.
പ്രതി സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ ശ്രദ്ധയും സാമ്പത്തിക നേട്ടവും ലക്ഷ്യമിട്ടാണ് കുറ്റകൃത്യം നടത്തിയതെന്ന നിലപാടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതിക്രമം നേരിട്ടെന്ന പരാതിയുമായി നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം, വീഡിയോ പകർത്തി പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതി പോസ്റ്റ് ചെയ്ത വീഡിയോ ഒഴികെ ദീപക് ജീവനൊടുക്കാൻ മറ്റ് കാരണങ്ങളില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സമാനമായ പ്രവൃത്തികൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്നും, ഇത് മറ്റ് വ്‌ളോഗർമാർക്കും തെറ്റായ മാതൃകയായി മാറി കൂടുതൽ ആത്മഹത്യകളിലേക്ക് നയിക്കാമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഈ മാസം 21-നാണ് വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ്. പിന്നീട് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ദീപകിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. അതേസമയം, തനിക്ക് ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ഷിംജിത.











