
കാബൂൾ: ഉന്നത താലിബാൻ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിനെ സ്വാഗതം ചെയ്ത് അഫ്ഗാൻ വിമെൻ മൂവ്മെന്റ്. ഇന്റർനാഷണൽ ക്രിമിനൽ കോടതിയുടെ വിധി ചരിത്രപരമായ തീരുമാനമാണെന്ന് അഫ്ഗാൻ വിമെൻ മൂവ്മെന്റ് പ്രതികരിച്ചു. ഹിബത്തുള്ള അകുന്ദ്സാദ ഉൾപ്പടെയുള്ള രണ്ട് ഉന്നത താലിബാൻ നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് ഇന്റർനാഷണൽ ക്രിമിനൽ കോടതി ചീഫ് പ്രോസിക്യൂട്ടർ കരിം ഖാൻ ഉത്തരവിട്ടത്. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ അഴിച്ചുവിട്ടതിന്റെ പേരിലാണ് കോടതിയുടെ നടപടി.
ഇന്റർനാഷണൽ ക്രിമിനൽ കോടതിയുടെ വിധിയെ ചരിത്രപരമായ തീരുമാനമെന്ന് വിശേഷിപ്പിച്ച അഫ്ഗാൻ വുമൺസ് ഗ്രൂപ്പ്, ഈ നീക്കത്തെ അഫ്ഗാൻ സ്ത്രീകളുടെ ഇച്ഛാശക്തിയുടെ പ്രതീകമായി കണക്കാക്കുന്നുവെന്നും വ്യക്തമാക്കി. രാജ്യത്ത് നീതിയുടെ പുതിയ അധ്യായം ഇതുവഴി തുറക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും സംഘടന കൂട്ടിച്ചേർത്തു.
2021ൽ താലിബാൻ ഭരണം പിടിച്ചെടുത്തശേഷം പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളെ വിലക്കിയിരുന്നു. കൂടാതെ ആറാം ക്ലാസുവരെ മാത്രമായിരുന്നു വിദ്യാഭ്യാസം ചെയ്യാനും അനുവദിച്ചിരുന്നത്. കോടതിയുടെ തീരുമാനത്തിൽ ഇതുവരെയും താലിബാൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് ദുരന്തവും പരിഹാസകരവുമാണെന്ന് അഫ്ഗാനിസ്താനിലെ യുഎൻ മിഷൻ അഭിപ്രായപ്പെട്ടിരുന്നു.











