
വാഷിങ്ടൺ: ഇറാനെതിരെ ആസൂത്രണം ചെയ്തിരുന്ന വൻ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ധാരണയിലെ വ്യവസ്ഥകൾക്കും അന്തിമരൂപം നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ സൈനിക തിരിച്ചടിക്ക് അമേരിക്കൻ സേന സജ്ജമായിരുന്നുവെന്നും, എന്നാൽ നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകുന്നതിനായി ആക്രമണ പദ്ധതി താൽക്കാലികമായി മാറ്റിവെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഉടൻ പൂർണമായി തുറക്കുക, ഇറാന്റെ ആണവ ഭീഷണി പൂർണമായും അവസാനിപ്പിക്കുക എന്നിവയാണ് പുതിയ ധാരണയിലെ പ്രധാന ലക്ഷ്യങ്ങളെന്ന് ട്രംപ് വ്യക്തമാക്കി. ലോകസമാധാനത്തിനും മേഖലയുടെ സ്ഥിരതയ്ക്കും വേണ്ടിയാണ് ആക്രമണം ഒഴിവാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ചർച്ചകൾ പൂർത്തിയാകുന്നതുവരെ സൈനിക നടപടി വൈകിപ്പിക്കാൻ ഇസ്രായേലും സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ഇതിനിടെ, അമേരിക്കയോ ഇസ്രായേലോ പുതിയ സൈനിക നീക്കങ്ങൾക്ക് ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, പാകിസ്ഥാൻ ഫീൽഡ് മാർഷൽ ആസിം മുനീർ, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അതിന് ശക്തവും ആനുപാതികവുമായ മറുപടി നൽകുമെന്ന നിലപാടിൽ മാറ്റമില്ലെന്നും അരാഗ്ചി വ്യക്തമാക്കി. ചർച്ചകൾ പുരോഗമിക്കുകയാണെന്നും നയതന്ത്ര ശ്രമങ്ങൾ തുടരുകയാണെന്നും തുർക്കി വിദേശകാര്യ മന്ത്രിയും പ്രതികരിച്ചു.










