01:34pm 13 November 2026
NEWS
അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയയുടെ നിര്യാണം: ഖത്തറിന് മഹാനായ ഭരണാധികാരിയെയും ഇന്ത്യൻ സമൂഹത്തിന് ഉറ്റ സുഹൃത്തിനെയുമാണ് നഷ്ടമായതെന്ന് ഡോ. മോഹൻ തോമസ്
28/05/2026  02:35 PM IST
nila
അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയയുടെ നിര്യാണം: ഖത്തറിന് മഹാനായ ഭരണാധികാരിയെയും ഇന്ത്യൻ സമൂഹത്തിന് ഉറ്റ സുഹൃത്തിനെയുമാണ് നഷ്ടമായതെന്ന് ഡോ. മോഹൻ തോമസ്

​ദോഹ: ഖത്തറിന്റെ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രമുഖ നയതന്ത്രജ്ഞനുമായിരുന്ന  അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയയുടെ നിര്യാണത്തിൽ പ്രമുഖ പ്രവാസി വ്യവസാഹി ഡോ. മോഹൻ തോമസ് അനുശോചനം രേഖപ്പെടുത്തി. ഖത്തറിന് അതിന്റെ മഹാനായ ഒരു പുത്രനെയാണ് നഷ്ടമായതെന്നും, ഇന്ത്യൻ സമൂഹത്തിനും വ്യക്തിപരമായി തനിക്കും ഒരു ഉറ്റ സുഹൃത്തിനെയും വഴികാട്ടിയെയുമാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
​ഖത്തറിന്റെ ഊർജ്ജ-വ്യവസായ മന്ത്രിയായും ഖത്തർ പെട്രോളിയം ചെയർമാനായും രാജ്യം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു അൽ അത്തിയ. ഖത്തറിന്റെ ഊർജ്ജമേഖലയെ ആഗോളതലത്തിൽ ഉയർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. എന്നാൽ, വഹിച്ച ഉയർന്ന പദവികൾക്കപ്പുറം അദ്ദേഹത്തിന്റെ വിനയവും ലളിതജീവിതവും കാരുണ്യവുമാണ് തന്നെ എപ്പോഴും ആകർഷിച്ചതെന്ന് ഡോ. മോഹൻ തോമസ് ഓർമ്മിച്ചു.തന്റെ പ്രവാസജീവിതത്തിൽ വഴിത്തിരിവായത് അൽ അത്തിയയുടെ ഇടപെടലായിരുന്നുവെന്ന് ഡോ. മോഹൻ തോമസ് അനുസ്മരിച്ചു.ഒരു ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്നിട്ടും യാതൊരു സുരക്ഷാ അകമ്പടികളുമില്ലാതെ അദ്ദേഹം തന്റെ ക്ലിനിക്കിൽ വരുമായിരുന്ന കാര്യവും ഡോ. മോഹൻ തോമസ് ഓർത്തെടുത്തു. മറ്റുള്ള രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ഓഫീസിന് പിന്നിലെ മുറിയിൽ വന്നിരുന്ന്, "ഞാൻ ഇവിടെ കാത്തിരിക്കാം, എന്റെ ഊഴം വരുമ്പോൾ വിളിച്ചാൽ മതി" എന്ന് പറയുന്ന അദ്ദേഹത്തിന്റെ വിനയം തന്നെ ഏറെ സ്പർശിച്ചതായും അദ്ദേഹം പറഞ്ഞു.
​തനിക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചപ്പോൾ നേരിട്ട് വരാൻ സാധിക്കാത്തതിനാൽ പ്രത്യേക വീഡിയോ സന്ദേശം അയച്ചുതന്നതും, മകന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോൾ ഒപ്പം ചിത്രം പകർത്താൻ കാണിച്ച സ്നേഹവും അദ്ദേഹത്തിന്റെ വലിയ മനസ്സിന്റെ അടയാളങ്ങളായിരുന്നു.
പെട്രോനെറ്റ് എൽ.എൻ.ജി പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് വൻ സ്വീകരണമാണ് നൽകിയത്. കൊച്ചിയിലെയും കുമരകത്തെയും യാത്രാവേളകളിൽ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ സാധിച്ചു. മടക്കയാത്രയിൽ തന്റെ സ്വകാര്യ വിമാനത്തിൽ ഒപ്പം വരാൻ അദ്ദേഹം സ്നേഹപൂർവ്വം നിർബന്ധിച്ചു. കൊച്ചിയിലെ ചടങ്ങിൽ ഓഫീസിൽ നിന്ന് തയാറാക്കിയ ഔദ്യോഗിക പ്രസംഗം മാറ്റിവെച്ച്, തന്റെ ഹൃദയത്തിൽ നിന്നാണ് അദ്ദേഹം ഇന്ത്യൻ ജനതയോട് സംസാരിച്ചത്.കേരളത്തോടും മലയാളി പ്രവാസികളോടും അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു. സാധാരണക്കാരായ തൊഴിലാളികളുടെ പ്രയാസങ്ങൾ മനസ്സിലാക്കിയ അദ്ദേഹം, കേരളത്തിൽ ഒരു ഖത്തർ കോൺസുലേറ്റ് സ്ഥാപിക്കുക എന്ന ആശയത്തെ ശക്തമായി പിന്തുണച്ചിരുന്നു. 2009-ൽ മെസൈമീറിലെ ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ച് (IDCC) കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത് ഖത്തറിന്റെ സഹിഷ്ണുതയുടെയും മതസൗഹാർദ്ദത്തിന്റെയും പ്രതീകമായി മാറിയ ചരിത്ര സംഭവമായിരുന്നുവെന്നും ഡോ. മോഹൻ തോമസ് ചൂണ്ടിക്കാട്ടി.വർഷങ്ങളായി പെരുന്നാൾ ദിനങ്ങളിൽ അദ്ദേഹത്തിന്റെ മജ്ലിസ് സന്ദർശിക്കുന്നത് പതിവായിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ അടുത്ത കാലത്തായി പൊതുപരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.
​"ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീടിനു മുന്നിലൂടെ കടന്നുപോയപ്പോൾ അടഞ്ഞുകിടക്കുന്ന വാതിലുകൾ കണ്ട് വലിയൊരു ശൂന്യതയാണ് അനുഭവപ്പെട്ടത്. ഏകദേശം രണ്ടു മാസം മുൻപ് അദ്ദേഹം എന്നെ ഫോണിൽ വിളിച്ച് ഏറെ നേരം സംസാരിച്ചിരുന്നു. എപ്പോഴും കാണിക്കാറുള്ള അതേ സ്നേഹത്തോടെയുള്ള ആ സംസാരമായിരുന്നു അദ്ദേഹത്തിന്റേതായി ഞാൻ അവസാനമായി കേട്ട ശബ്ദം," ഡോ. മോഹൻ തോമസ് വിതുമ്പലോടെ ഓർത്തു.
​അൽ അത്തിയയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും ഖത്തറിലെ ഭരണാധികാരികളുടെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഡോ. മോഹൻ തോമസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img