05:20am 15 November 2026
NEWS
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾക്ക് മരണമണി? എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപ്പാക്കിവരുന്ന പദ്ധതികൾ മറ്റ് വകുപ്പുകളിലേക്ക് മാറ്റും
14/11/2026  03:35 PM IST
ചവറ സുരേന്ദ്രൻപിള്ള
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾക്ക് മരണമണി? എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപ്പാക്കിവരുന്ന പദ്ധതികൾ മറ്റ് വകുപ്പുകളിലേക്ക് മാറ്റും

1945 മുതൽ വിവിധ മേഖലകളിലെ തൊഴിൽ നിയമനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ് കേരളത്തിലെ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് . അത്തരം ഒരു സ്ഥാപനത്തെ കേരള അക്കാഡമി ഫോർ സ്‌ക്കിൽ ആന്റ് എക്‌സലൻസ്  (KASE)ന്റെ വാലിൽ കെട്ടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആരോപിച്ച് എംപ്ലോയ്‌മെന്റ് എക് സ്‌ചേഞ്ച് ജീവനക്കാരും സർവ്വീസ് സംഘടനകളും  സമരത്തിനിറങ്ങുകയാണ്. 'സിംഗപ്പൂർ മോഡൽ' എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഈ തുഗ്ലക് ഭരണപരിഷ്‌ക്കാരം കേരളത്തിന്റെ തൊഴിൽ പരിസ്ഥിതിയെ ആകെ തകിടം മറിച്ച് ഇല്ലാതാക്കുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളു എന്നവർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ ഓൺലൈൻ മീറ്റിങ്ങിൽ വിഷയം ചർച്ച ചെയ്യുകയും തുടർന്ന് മിനിട്ട്‌സിൽ രേഖപ്പെടുത്തി അംഗീകരിക്കുകയുമായിരുന്നു.     
                       
'കൈവല്യ 'പദ്ധതി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന നടപ്പിലാക്കേണ്ട പദ്ധതിയല്ലെന്നും ആയത് സാമൂഹ്യനീതി വകുപ്പ്  മുഖേന നടപ്പാക്കേണ്ടതിനാൽ ആയത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കണമെന്നാണ് ഒരു നിർദ്ദേശം. മറ്റൊന്ന് വർഷങ്ങളോളമായി തുടർന്നു വരുന്ന തൊഴിലില്ലായ്മ വേതനം നിറുത്തലാക്കാൻ നടപടി സ്വീകരിക്കണമെന്നതാണ്. നവജ്യോതി, ഉദയം എന്നീ പദ്ധതികൾ നിറുത്തലാക്കണം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ തൊഴിൽപരമായ വളർച്ചയ്ക്ക് ഉതകുന്ന പദ്ധതിയായ 'സമന്വയ 'ഒരു പ്രത്യേക പദ്ധതിയായി നിലനിറുത്തേണ്ടതില്ലെന്നും എല്ലാവരെയും പരിഗണിക്കുന്ന പൊതുവായിട്ടുള്ള പദ്ധതിയിൽ എസ്.സി/ എസ്.റ്റി വിഭാഗത്തെ ഉൾപ്പെടുത്തിയാൽ മതിയെന്നും മിനിട്ട്‌സിൽ പറയുന്നു. 'നവജീവൻ' പദ്ധതി എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കേണ്ട പദ്ധതി അല്ലെന്നും ആയത് വയോജന വകുപ്പ് മുഖേന നടപ്പിലാക്കേണ്ടതിനാൽ ആയത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനുള്ള നടപടി സ്വീകരിക്കണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള മുഴുവൻ ഉദ്യോഗസ്ഥരും മാസ്റ്റർ ട്രെയിനർ  ആയി മാറേണ്ടതാണ്. ഇങ്ങനെയുള്ള ഒമ്പത് തീരുമാനങ്ങളാണ് ഉന്നതോദ്യോഗസ്ഥ തലത്തിൽ നടന്ന മീറ്റിങ്ങിൽ ഉണ്ടായത്.       
          
പരിശീലനത്തിനു ശേഷം തൊഴിൽ ഉറപ്പിക്കാൻ കഴിയാത്ത കൗശൽ സെന്ററുകൾ തികഞ്ഞ പരാജയമാണെന്ന് കേരള അക്കാദമി ഫോർ സ്‌ക്കിൽ ആന്റ് എക്‌സലൻസിലൂടെ കാണാൻ സാധിച്ചു എന്നും ആ അക്കാദമിയെ ആണ് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന രീതിയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ വിഴുങ്ങാൻ ഉപയോഗിക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു. പ്രതിവർഷം സംസ്ഥാനത്താകെ പതിനായിരക്കണക്കിനു ഒഴിവുകൾ നികത്തുന്ന, കോടിക്കണക്കിനു രൂപ സബ്‌സിഡി നൽകുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ നിയമനങ്ങളും സ്വയം തൊഴിൽ പദ്ധതികളും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇവർ ചൂണ്ടികാട്ടുന്നു. എംപ്ലോയ്‌മെന്റ് വകുപ്പിനെതിരെയുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയന്റെ പ്രതിപക്ഷ സർവ്വീസ് സംഘടനകൾ എംപ്ലോയ്‌മെന്റ് ഡയറക്ട്രേറ്റിനു മുന്നിലും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസുകൾക്കു മുന്നിലും പ്രതിഷധയോഗങ്ങൾ നടത്തിയിരുന്നു.       
            
'സിംഗപ്പൂർ മോഡൽ നവീകരണ'ത്തിന്റെ മറവിൽ സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പ്രവർത്തനം തകർക്കാൻ സർക്കാർ ആസൂത്രിത നീക്കം ആരംഭിച്ചിരിക്കുകയാണ്. സംവരണാനുകൂല്യങ്ങളും ധനസഹായവും ഇല്ലാതാക്കും. തസ്തികകൾ വെട്ടികുറയ്ക്കും. ഇപ്പോൾ തന്നെ ഫണ്ടുകൾ 92.86 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. എക്‌സ്‌ചേഞ്ചുകൾ വഴി നടപ്പാക്കി വരുന്ന നിരവധി പദ്ധതികൾ മറ്റ് വകുപ്പുകളിലേക്ക് മാറ്റുമ്പോൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ നോക്കുകുത്തികളാകും. ഉദ്യോഗാർഥികളുടെ വിശ്വാസവും നഷ്ടപ്പെടും.  
                              
'സിംഗപ്പൂർ മോഡൽ' എന്നത് വളരെ ചുരുങ്ങിയ കാലംകൊണ്ട് ഒരു ദരിദ്ര രാജ്യത്ത് നിന്നും ലോകത്തിലെ ഏറ്റവും സമ്പന്നവും വികസിതവുമായ രാജ്യങ്ങളിലൊന്നായി മാറിയ സിംഗപ്പൂരിന്റെ സാമ്പത്തിക - സാമൂഹിക വികസന മാതൃകയെയാണ് സൂചിപ്പിക്കുന്നത്. 1965 ൽ സ്വതന്ത്ര്യം നേടുമ്പോൾ പ്രകൃതിവിഭവങ്ങളോ സ്വന്തമായി കുടിവെള്ളമോ പോലുമില്ലാതിരുന്ന സിംഗപ്പൂർ അവരുടെ ആദ്യ പ്രധാനമന്ത്രിയായ ലീ കുവാൻ യു വിന്റെ നേതൃത്വത്തിലാണ് ഈ വികസന മാതൃക കെട്ടിപ്പടുത്തത്. ശക്തമായ അഴിമതിരഹിതഭരണമാണ് ഈ മോഡലിന്റെ പ്രധാന സവിശേഷത. കടുത്ത അച്ചടക്കം, മികച്ച ആസൂത്രണം, അഴിമതി ഇല്ലാത്ത ഭരണ സംവിധാനം, മുതലാളിത്ത സാമ്പത്തികനയങ്ങൾ എന്നിവ സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു വികസന രീതിയാണ് സിംഗപ്പൂർ മോഡൽ. കേരളം ഉൾപ്പെടെയുള്ള പല വികസ്വര സംസ്ഥാനങ്ങളും തദ്ദേശീയമായ വികസന ചർച്ചകളിൽ 'സിംഗപ്പൂർ മോഡൽ' പലപ്പോഴും മാതൃകയായി പരാമർശിക്കാറുണ്ട്.         
                                        
സർക്കാർ, അർദ്ധ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങളിൽ ഓരോ വർഷവും താൽക്കാലിക ഒഴിവുകൾ ധാരാളമുണ്ടാകാറുണ്ടെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി നടക്കുന്ന നിയമനങ്ങൾ തികച്ചും നാമമാത്രമാണ്. ദേശീയ ആരോഗ്യ ദൗത്യം (NHM) നടപ്പാക്കുന്നതിനു ഓരോ വർഷവും 10, 938 തസ്തികകളിൽ നിയമനം നടത്തണം. സോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള നിയമനങ്ങളിൽ ബഹുഭൂരിപക്ഷവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്താറില്ല. ഓരോ വർഷവും വിദ്യാഭ്യാസ മേഖലയിൽ 11000 ഓളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെയും ഭൂരിഭാഗം നിയമനങ്ങളും എംപ്ലോയ്‌മെന്റ് വഴിയല്ല. പ്രഥമാധ്യാപകരും പിടിഎ പ്രതിനിധിയും ഉൾപ്പെട്ട സമിതിയാണ് നിയമനം നടത്തുന്നത്. മെഡിക്കൽ കോളേജ് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലുൾപ്പെടെ വരുന്ന നൂറുകണക്കിന് ഒഴിവുകളിൽ ആശുപത്രി വികസന സമിതിയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് നിയമനം നടക്കുന്നത്. പൊതുമരാമത്ത്, ടൂറിസം തുടങ്ങിയവയിലും വരുന്ന പല നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ല നടക്കുന്നത്.    
                
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിലവിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന തൊഴിൽരഹിതരുടെ എണ്ണം ഏകദേശം 22 ലക്ഷത്തിനും 23.5 ലക്ഷത്തിനും ഇടയിലാണ്. 2026 ജൂൺ വരെ സജീവമായി രജിസ്‌ട്രേഷനുള്ളവരുടെ എണ്ണം 23,58, 194 ആണ്. 2020 മാർച്ചിൽ ഇത് 34,18,072 ആയിരുന്നു. ഉദ്യോഗാർഥികൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതാണീ കുറവിനു കാരണമെന്നുവേണം കരുതാൻ. തൊഴിൽദാതാക്കളായ പി എസ് സി യിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഉദ്യോഗാർഥികൾക്ക് വിശ്വാസം നഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിനുത്തരവാദി സർക്കാർ തന്നെയാണ്.                                                                   

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img