
ദോഹ: നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയിൽനിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള
കാലാവധി ഡിസംബർ 31 വരെ നീട്ടി.നികുതി റിട്ടേൺ, വിവിധവിഭാഗങ്ങ ളിലെ രജിസ്ട്രേഷൻ ഫീസുകൾ എന്നിവയിലെ പിഴ ഒഴിവാക്കി അടക്കുന്നതിനുള്ള സമയപരിധിയാണ് ഡിസംബർ 31 വരെ നീട്ടിയത്. ഫിനാൻഷ്യൽ പെനാൽറ്റി എക്സംപ്ഷൻ്റെ പ്രയോജനം എല്ലാ പൗരന്മാർക്കും ലഭിക്കുന്നതിനും നികുതി ദായകരെ പിന്തുണയ്ക്കുന്നതിനുമാണ് പുതിയ ഇളവുകൾ ഖത്തർ മുന്നോട്ടുവയ്ക്കുന്നത്. പുതിയ പദ്ധതിയോടുള്ള ജനങ്ങളുടെ താൽപര്യം കൂടി കണക്കിലെടുത്താണ് സമയ പരിധി നീട്ടിയതെന്ന് ജനറൽ ടാക്സ് അതോറിറ്റി (ജിടിഎ) വ്യക്തമാക്കി.
നികുതി അടയ്ക്കുന്നതിലെ സുതാര്യത ഉറപ്പാക്കുന്നതിനും കാര്യക്ഷമതയുള്ള നികുതി സംസ്കാരം വളർത്തിയെടുക്കുന്നതിനും വേണ്ട പിന്തുണയും സേവനങ്ങളും വകുപ്പു നൽകിവരുന്നു. ദരീബ പ്ലാറ്റ്‌ഫോം വഴി ഇതിനായി അപേക്ഷ നൽകാം. പുതിയ പദ്ധതിയ്ക്ക് കീഴിൽ 7,000-ത്തിലധികം നികുതിദായകരെ 1.6 ബില്യൺ റിയാലിൽ കൂടുതലുള്ള സാമ്പത്തിക പിഴകളിൽ നിന്ന് ഒഴിവാക്കാനായി. 2014 മുതൽ 2024 വരെയുള്ള നികുതി കാലയളവിൽ കാലഹരണപ്പെട്ട റിട്ടേണുകൾ ഉൾപ്പെടെ 56,000ത്തിലധികം നികുതി റിട്ടേണുകൾ സമർപ്പിച്ചുവെന്നാണ് കണക്ക്. വൈകിയ രജിസ്ട്രേഷൻ, ഫയലിംഗ് എന്നിവ കാരണം ഉണ്ടാകുന്ന സാമ്പത്തിക പിഴകളിൽ നിന്ന് 100 ശതമാനം ഇളവ് നൽകുന്നതിലൂടെ നികുതിദായകർക്ക് അവരുടെ നികുതി ബാധ്യതകൾ തീർക്കാനുള്ള ഏറ്റവും മികച്ച അവസരമായാണ് ഇതിനെ വിലയിരുത്തുന്നത്.അംഗീകൃത ഇതര അക്കൗണ്ടിംഗ് കാലയളവുകൾക്ക് വിധേയമായി, നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇപ്പോൾ 2025 ഏപ്രിൽ 30 ൽ നിന്നും 2025 ഓഗസ്റ്റ് 31വരെ നീട്ടിയിരുന്നതാണ്
കഴിഞ്ഞദിവസം വീണ്ടും ഡിസംബർ 31വരെ പുതിയ സമയപരിധിപ്രഖ്യാപിച്ചത്.











