
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ രാജിവെച്ചെന്ന മാധ്യമ വാർത്തകൾ തള്ളി രംഗത്തെത്തി. താൻ രാജി നൽകിയിട്ടില്ലെന്ന് മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ശക്തൻ അറിയിച്ചു.
സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിലുണ്ടായ നിരാശയുമാണ് രാജിവെക്കാൻ ഒരുങ്ങുന്നതായി നേതൃത്വത്തെ അറിയിക്കാൻ ശക്തനെ പ്രേരിപ്പിച്ചത്. എന്നാൽ, നേതൃത്വം നേരിട്ടെത്തി അനുനയിപ്പിച്ചതോടെ അദ്ദേഹം രാജി തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കേരളത്തിലുടനീളം പൊട്ടിത്തെറികൾ നടക്കുന്ന സാഹചര്യത്തിൽ, ഡിസിസി അധ്യക്ഷന്റെ രാജി കനത്ത തിരിച്ചടിയാകുമെന്ന് നേതൃത്വം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അവർ നേരിട്ട് ഇടപെട്ട് ശക്തനെ അനുനയിപ്പിച്ചത്. എൽഡിഎഫ് ഭരണം തുടരുമെന്ന രാഷ്ട്രീയ വസ്തുത തുറന്നുപറഞ്ഞതിന് പിന്നാലെ പാലോട് രവി രാജിവെച്ച ഒഴിവിലാണ് എൻ. ശക്തൻ ഡിസിസി അധ്യക്ഷനായി ചുമതലയേറ്റത്.











