
കൊച്ചി: ചെങ്കോട്ടകളെന്ന് എസ് എഫ് ഐ അവകാശപ്പെടുന്ന കലാലയങ്ങളും ഹോസ്റ്റലുകളും ലഹരി മാഫിയയുടെ താവളങ്ങളാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ചെങ്കോട്ടകളിൽ എന്ത് തോന്ന്യാസവും കാണിക്കാമെന്ന സ്‌ഥിതിയാണ്. ഇവിടങ്ങളിലെ ലഹരി മാഫിയക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും സംരക്ഷണം ഒരുക്കുന്നത് എസ് എഫ് ഐയാണ്. മന്ത്രിയുടെ നാട്ടിലെ സ്വയം തൊഴിൽ സംരംഭം കൂടിയാണ് കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ റെയ്‌ഡിലൂടെ പൊളിഞ്ഞത്. ഇവിടെ ലഹരി ഉപയോഗവും വില്പനയും നടക്കുന്നുണ്ടെന്ന് നിരന്തരം പരാതിയുയർന്നിട്ടും പോലീസും എക്സൈസും അവഗണിക്കുകയായിരുന്നു. ലഹരി ഉപയോഗത്തെ കുറിച്ച് കെ എസ് യു നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷിക്കാൻ പോലും ഉദ്യോഗസ്‌ഥർ തയാറായിരുന്നില്ല.
വിദ്യാർഥികളെയും ചെറുപ്പകാരെയുമെല്ലാം ലഹരിക്കടിമകളാക്കി കൂടെ നിർത്തുകയെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. തെറ്റ് ചെയ്തവരെ തള്ളിപറയാനുള്ള ആർജവം എസ് എഫ് ഐ , സിപിഎം നേതൃത്വങ്ങൾ കാണിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. കഞ്ചാവ് വില്പനയിൽ പിടിയിലായ എസ് എഫ് ഐ നേതാവിനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നും ഷിയാസ് ആരോപിച്ചു.











