03:32am 01 July 2026
NEWS
സംഘർഷമുണ്ടായാൽ ഉടൻ തന്നെ ബ്ലൗസ് വലിച്ചുകീറണം; വിവാദ വെളിപ്പെടുത്തലുമായി കോൺ​ഗ്രസ് നേതാവ്
05/04/2026  06:25 PM IST
nila
സംഘർഷമുണ്ടായാൽ ഉടൻ തന്നെ ബ്ലൗസ് വലിച്ചുകീറണം; വിവാദ വെളിപ്പെടുത്തലുമായി കോൺ​ഗ്രസ് നേതാവ്

രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതികൾ നൽകാമെന്ന തരത്തിലുള്ള പരാമർശവുമായി ഇടുക്കിയിലെ കോൺ​ഗ്രസ് നേതാവ്. ഇടുക്കി ഡിസിസി പ്രസിഡണ്ട് സി.പി. മാത്യുവിന്റെ പ്രസം​ഗമാണ് വിവാദമാകുന്നത്. യു.ഡി.എഫ്. സ്ഥാനാർത്ഥി റോയ് കെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വാഴത്തോപ്പ് പള്ളിത്താഴെ നടന്ന സ്വീകരണ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു മാത്യുവിന്റെ വിവാദ പരാമർശം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ ഉണ്ടാകാവുന്ന സംഘർഷങ്ങളെ നേരിടാൻ തയ്യാറാക്കിയ തന്ത്രത്തെക്കുറിച്ച് വിശദീകരിക്കവെയാണ് സി.പി. മാത്യു വിവാദ പ്രസ്താവന നടത്തിയത്.

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ രാഷ്ട്രീയ സംഘർഷത്തിന് സാദ്ധ്യത മുന്നിൽക്കണ്ട് പ്രതിരോധിക്കുന്നതിനുള്ള തന്ത്രം രൂപപ്പെടുത്തിയതിനെ കുറിച്ചാണ് സി.പി. മാത്യു വിശദീകരിച്ചത്. മഹിളാ കോൺഗ്രസ് പ്രവർത്തകയായ പഞ്ചായത്ത് അംഗത്തെക്കൊണ്ട് വ്യാജപരാതി സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങളാണ് സി.പി. മാത്യു തന്നെ മറ്റൊരു യോഗത്തിൽ പുറത്തുവിട്ടത്.

സംഘർഷമുണ്ടായാൽ ഉടൻ തന്നെ ബ്ലൗസ് വലിച്ചുകീറണം എന്ന് നിർദ്ദേശിച്ചിരുന്നു എന്നാണ് സി.പി. മാത്യുവിന്റെ പരാമർശം. ഈ വനിത ആദിവാസി വിഭാഗത്തിൽപ്പെട്ട ആളാണെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതയെ ആക്രമിച്ചാൽ ബാക്കി എന്താണെന്ന് അറിയാമല്ലോ എന്നും പറയുന്ന സി.പി. മാത്യു കരുതിക്കൂട്ടിയുള്ള നടപടികളെ കുറിച്ചാണ് വെളിപ്പെടുത്തിയത്. 

ശശി തരൂർ പങ്കെടുത്ത വണ്ടിപ്പെരിയാർ യോഗത്തിൽ വേദിയിൽ വച്ച് ഡിസിസി പ്രസിഡണ്ട് സി.പി. മാത്യു കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ് പ്രവർത്തകനെ പരസ്യമായി തല്ലിയതും വിവാദമായിരുന്നു. ഇടുക്കിയിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്നുള്ള അമർഷമാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ ഡിസിസി പ്രസിഡണ്ട് ഇത്തരത്തിൽ പെരുമാറുന്നത് എന്ന് യു.ഡി.എഫ്. പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img