
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദം ഒത്തുതീർപ്പാക്കാൻ ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങുന്ന തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാന്റെ ദൃശ്യങ്ങൾ പുറത്ത്. പണം നൽകിയാൽ ആശുപത്രിക്കെതിരെ ഇനി വാർത്തകളൊന്നും വരില്ലെന്ന് ഉറപ്പുനൽകുന്ന സുഹൈലിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ അറസ്റ്റിലായ സുഹൈലിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ നെഞ്ചുവേദനയെന്നത് അഭിനയമാണെന്നാണ് പൊലീസിന്റെ വിശദീകരണം. സ്വകാര്യ ആശുപത്രിയിൽ എത്തി ഡോക്ടറിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് പേട്ട പൊലീസ് സുഹൈലിനെ കസ്റ്റഡിയിലെടുത്തത്.
ഡോക്ടറെ ഭീഷണിപ്പെടുത്തുന്നതായുള്ള വിവരം ആശുപത്രി അധികൃതർ നേരത്തെ പേട്ട പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സുഹൈൽ സമാനമായ രീതിയിൽ മറ്റ് ആശുപത്രികളിൽ നിന്നും പണം തട്ടിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിലും പ്രതിയാണ് സുഹൈൽ ഷാജഹാൻ. കേസിനു പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാളെ ഇന്റർപോളിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ഗുണ്ടകളെ സംഘടിപ്പിച്ച് 'തൂഫാൻ യോഗം' നടത്തിയതിനു പിന്നിലും സുഹൈലാണെന്നാണ് റിപ്പോർട്ടുകൾ.









