
തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ നടന്ന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിശാഖ് എന്ന യുവാവാണ് അയൽവാസിയായ പ്രദീപിന്റെ വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ വിശാഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
വിശാഖും പ്രദീപും തമ്മിൽ നേരത്തെ മുതൽ വ്യക്തിവൈരാഗ്യം നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് മുമ്പ് ജയിലിൽ കഴിഞ്ഞിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയ സമയത്താണ് വിശാഖിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ പ്രതിയായ പ്രദീപ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒളിവിൽ കഴിയുന്ന പ്രദീപിനെ കണ്ടെത്താൻ വ്യാപക തിരച്ചിൽ ആരംഭിച്ചതായും സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.











