
2025-ലെ മാൻ ബുക്കർ പുരസ്‌കാര ജേതാവായി ഹംഗേറിയൻ എഴുത്തുകാരൻ ഡേവിഡ് സൊല്ലോ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആറാമത്തെ ഫിക്ഷൻ കൃതിയായ ‘ഫ്‌ലെഷ്’ എന്ന നോവലിനാണ് ലഭിച്ചത്. ലണ്ടനിൽ നടന്ന ചടങ്ങിലാണ് ഇംഗ്ലീഷ് ഭാഷയിൽ രചിക്കപ്പെടുന്ന നോവലുകൾക്ക് ബ്രിട്ടൻ നൽകുന്ന പ്രശസ്തമായ പുരസ്കാരത്തിന് ഡേവിഡ് സൊല്ലോ അർഹനായെന്ന് പ്രഖ്യാപിച്ചത്.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ആറ് നോവലുകളിൽ നിന്നും ഏറെ ചർച്ചകൾക്ക് ശേഷം വിധികർത്താക്കൾ ഫ്‌ലെഷ് നെ തെരഞ്ഞെടുത്തതായി ജൂറി അധ്യക്ഷൻ റോഡി ഡോയൽ അറിയിച്ചു. ജീവിതത്തിന്റെ അനിശ്ചിതതകളും ആത്മപരിശോധനയും സുഗമമായി ചിത്രീകരിച്ച രചനാശൈലിയാണ് ഈ കൃതിയെ വേറിട്ട് നിർത്തിയത്.
കാനഡയിൽ ജനിച്ച് ലെബനൻ, യുകെ, ഹംഗറി, ഇപ്പോൾ വിയന്ന എന്നിവിടങ്ങളിലായി ജീവിതം നയിക്കുന്ന സൊല്ലോ, 20-ൽ അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആറു നോവലുകളുടെയും നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ്. 2008-ലെ ‘ലണ്ടൻ ആൻഡ് ദി സൗത്ത്-ഈസ്റ്റ്’ മുതൽ ‘ഓൾ ദാറ്റ് മാൻ ഈസ്’, ‘ടർബുലൻസ്’ എന്നിവടക്കം അദ്ദേഹത്തിന്റെ സൃഷ്ടികൾ നിരന്തരം അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. 2024-ൽ ഈ പുരസ്‌കാരം സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ എന്ന ഹ്രസ്വനോവലിനായിരുന്നു ലഭിച്ചത്.











