
കൊച്ചി: നിയമാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ മക്കളെ ‘ദത്തുപുത്രൻ’ എന്നോ ‘ദത്തുപുത്രി’ എന്നോ പ്രത്യേകം വിശേഷിപ്പിക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. ദത്തെടുത്ത മാതാപിതാക്കളുടെ മകനായോ മകളായോ സമൂഹം അംഗീകരിക്കുന്ന കുട്ടിയുടെ പേരിനൊപ്പം അത്തരമൊരു വേർതിരിവ് ആവശ്യമില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ചില ബന്ധങ്ങൾ ജനനത്തിലൂടെയും മറ്റുചിലത് ദത്തെടുക്കലിലൂടെയുമാണ് രൂപപ്പെടുന്നത്. വഴികൾ വ്യത്യസ്തമാണെങ്കിലും ‘മകൾ’ എന്ന ബന്ധം രേഖപ്പെടുത്തുന്നിടത്തെല്ലാം ആ വ്യത്യാസം എടുത്തുപറയേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. മരിച്ച വ്യക്തിയുടെ നിയമാവകാശികളെ തിരിച്ചറിയാനുള്ള സർട്ടിഫിക്കറ്റിൽ ദത്തെടുക്കൽ പ്രത്യേകം പരാമർശിക്കേണ്ടതുണ്ടോ എന്നതാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഹർജിക്കാരിയെ ‘ദത്തുപുത്രി’ എന്ന് രേഖപ്പെടുത്തി നൽകിയ നിയമാവകാശ സർട്ടിഫിക്കറ്റ് കോടതി റദ്ദാക്കി. അന്തരിച്ച പിതാവുമായുള്ള ബന്ധം ‘മകൾ’ എന്നു മാത്രം രേഖപ്പെടുത്തി പുതിയ സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർക്ക് നിർദേശം നൽകി.
ദത്തെടുത്ത നിയമാവകാശികളുടെ കാര്യത്തിൽ ‘ദത്തെടുത്ത’ എന്ന വിശേഷണം നിർബന്ധമാക്കുന്ന മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനും സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. ഇതോടെ ഹർജി അനുവദിച്ചു.
Photo Courtesy - Google










