04:25pm 16 August 2026
NEWS
മകളുടെ പ്രണയബന്ധത്തെ എതിർത്ത പിതാവിനെ മകൾ പീഡനക്കേസിൽ കുടുക്കി
16/08/2026  09:08 AM IST
nila
മകളുടെ പ്രണയബന്ധത്തെ എതിർത്ത പിതാവിനെ മകൾ പീഡനക്കേസിൽ കുടുക്കി

മകളുടെ പ്രണയബന്ധത്തെ എതിർത്ത പിതാവിനെ മകൾ പീഡനക്കേസിൽ കുടുക്കി. ഇടുക്കി ജില്ലയിലെ മരിയാപുരത്താണ് സംഭവം. സ്വന്തം മകളെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ 18 മാസത്തോളം ജയിലിൽ കഴിഞ്ഞ പിതാവിനെ ഒടുവിൽ കട്ടപ്പന അതിവേഗ കോടതി കുറ്റവിമുക്തനാക്കി. 

മകളുടെ കാമുകനും അമ്മയും നൽകിയ പരാതിയിലാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസിൽ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മകൾ കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് വീട്ടുകാർ എതിർത്തിരുന്നതായി മാതാപിതാക്കൾ പറയുന്നു. ഇതിൽ മകൾക്ക് പിതാവിനോട് ദേഷ്യമുണ്ടായിരുന്നെന്നും തുടർന്ന് വീട്ടുകാരറിയാതെ ഇരുവരും ഫോൺ സംഭാഷണം തുടർന്നെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെ യുവാവ് വീട്ടിലെത്തിയിരുന്നെങ്കിലും കോളേജ് സുഹൃത്താണെന്നാണ് പെൺകുട്ടി പരിചയപ്പെടുത്തിയിരുന്നത്.

പിന്നാലെയാണ് പിതാവിനെതിരെ പീഡന പരാതി ഉയർന്നത്. വീട്ടിലെത്തിയ പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തു. മകൾ തനിക്കെതിരെ പരാതി നൽകിയ വിവരം പൊലീസ് വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് മാതാവ് പറയുന്നു.

കേസിൽ കോടതിയിൽ പിതാവിനെതിരെ മൊഴി നൽകിയ പെൺകുട്ടി പിന്നീട് കാമുകന് അനുകൂലമായി നിലപാട് സ്വീകരിച്ചു. കാമുകൻ വീണ്ടും വീട്ടിലെത്തിയതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും പെൺകുട്ടി യുവാവിനൊപ്പം നിൽക്കുകയായിരുന്നു എന്നാണ് മാതാവിന്റെ വിശദീകരണം.

കേസിൽ ജാമ്യം പോലും ലഭിക്കാതെ ഏകദേശം 18 മാസമാണ് പിതാവ് ജയിലിൽ കഴിഞ്ഞത്. ഒടുവിൽ കേസ് പരിഗണിച്ച കട്ടപ്പന അതിവേഗ കോടതി പിതാവിന്റെ നിരപരാധിത്വം അംഗീകരിച്ച് കുറ്റവിമുക്തനാക്കുകയായിരുന്നു.

‘മകൾ ഫോൺ വിളിക്കുന്നത് എതിർത്തതിന്റെ ദേഷ്യം അവൾ മനസ്സിൽ സൂക്ഷിച്ചിരുന്നു. പിന്നീട് ഒളിച്ചും പാത്തും ഫോൺ വിളിച്ചു. കേസിൽപ്പെട്ടപ്പോൾ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല’ - പിതാവ് പ്രതികരിച്ചു. നിലവിൽ പെൺകുട്ടി കാമുകനൊപ്പമാണ് താമസിക്കുന്നതെന്ന് മാതാവ് വെളിപ്പെടുത്തി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img