
ദോഹ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ (ഐ.ഇ.ഐ) ഖത്തർ ചാപ്റ്റർ "ഡിജിറ്റൽ യുഗത്തിലെ ഡാറ്റാ സ്വകാര്യത" (Data Privacy in the Digital Age) എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. എഞ്ചിനീയറിംഗ് രംഗത്തെയും സാങ്കേതിക മേഖലയിലെയും പ്രമുഖർ പങ്കെടുത്ത വെബിനാർ
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയേഴ്സ് (IETE) പ്രസിഡന്റ് ഡോ. സുനിൽ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ കാലഘട്ടത്തിലെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ എ.ഐയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഐ.ഇ.ഐ ഖത്തർ ചാപ്റ്റർ നടത്തുന്ന വിജ്ഞാന വ്യാപന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ലീൻ കൺസ്ട്രക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റും ഖത്തറി ദിയാർ ചീഫ് ഡെലിവറി ഓഫീസറുമായ ഡോ. അബ്ദുള്ള വൈ. അൽ സയ്യദ് മുഖ്യാതിഥിയായിരുന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള 52 വർഷത്തെ ഉഭയകക്ഷി ബന്ധത്തെയും ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിന് ഐ.ഇ.ഐ നൽകുന്ന സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മനുഷ്യബുദ്ധിയെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് അതിനെ കൂടുതൽ വിപുലപ്പെടുത്താനാണ് സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ.ഐയെ ഉത്തരവാദിത്തത്തോടും സർഗ്ഗാത്മകമായും ഉപയോഗിക്കുന്നതിലാണ് യഥാർത്ഥ വിജയമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യൻ സൊസൈറ്റി ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ (ISTE) എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. സയ്യിദ് അലി ഗസ്റ്റ് ഓഫ് ഓണർ പ്രസംഗം നടത്തി. ഖത്തറിലെ എഞ്ചിനീയറിംഗ് മികവിനായി ഐ.ഇ.ഐ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഐ.ഇ.ഐ ഖത്തർ ചാപ്റ്റർ ചെയർമാൻ എഞ്ചി. അബ്ദുൽ സത്താർ അധ്യക്ഷതവഹിച്ചു.
സാങ്കേതിക വിദ്യയും മനുഷ്യൻ്റെ സർഗ്ഗാത്മകതയും തമ്മിലുള്ള പാലമായി എ.ഐ മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന കീനോട്ട് സെഷനിൽ, എ.ഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ, സൈബർ ആക്രമണ പ്രതിരോധം, സുരക്ഷിതമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമ്മാണം തുടങ്ങിയ പ്രായോഗിക പരിഹാരങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായ പ്രഭാഷണം നടത്തി.
ഐ.ഇ.ഐ ഖത്തർ ചാപ്റ്റർ ഓണററി സെക്രട്ടറി എഞ്ചി. അബ്ദുൽ സമീർ സാബ് സ്വാഗതം ആശംസിച്ചു.











