
നിർമ്മിത ബുദ്ധി രംഗത്തെ അതിവേഗ വളർച്ച, ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയിൽ ഡാറ്റാ സെന്ററുകളുടെ വളർച്ചയ്ക്ക് വലിയ ഉത്തേജനം നൽകിയിരിക്കുകയാണ്. തമിഴ്നാട്ടിലെ, പ്രത്യേകിച്ച് ചെന്നൈയിലെ ഡാറ്റ സെന്ററുകൾ വേഗത്തിൽ വ്യാപിച്ചു വരുമ്പോൾ തന്നെ, ഉയർന്ന ജല ഉപഭോഗം മൂലമുള്ള ഗൗരവമായ സുസ്ഥിരതാ വെല്ലുവിളികളും നേരിടുകയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. സെർവർ സംവിധാനങ്ങൾ തണുപ്പിക്കാൻ ആവശ്യമായ ശുദ്ധജല ഉപയോഗം പ്രാദേശിക ജല സ്രോതസ്സുകളുടെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുകയാണ്. പൊതുവെ ശുദ്ധജല ക്ഷാമം നേരിടുന്ന തമിഴ്നാട്ടിൽ ഡാറ്റ സെന്ററുകൾ അമിതമായി ഭൂഗർഭജലം ഊറ്റിയെടുക്കുന്നത് നാടിനെ കൂടുതൽ വരൾച്ചയിലേക്കും ശുദ്ധജല ക്ഷാമത്തിലേക്കും തള്ളിവിടും.
എന്താണ് ഡാറ്റ സെന്റർ?
കമ്പ്യൂട്ടർ സർവറുകൾ, ഐടി അടിസ്ഥാന സൗകര്യങ്ങൾ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കേന്ദ്രീകൃതമായ ഭൗതിക സംവിധാനങ്ങളാണ് ഡാറ്റ സെന്ററുകൾ. നമ്മുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് ഡാറ്റാ സെന്ററുകളാണ്. സ്ട്രീമിംഗ് സേവനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവ മുതൽ ചാറ്റ് ജിപിടി പോലുള്ള നിർമ്മിത ബുദ്ധിവരെ എല്ലാറ്റിനും ഇവയാണ് ഊർജം നൽകുന്നത്.
ഡാറ്റ സെന്ററുകൾ ജലം അമിതമായി ഉപയോഗിക്കുന്നവയാണ്. ഇവയെ തണുപ്പിച്ച് നിർത്താനായി ശുദ്ധമായ ജലം ആവശ്യമാണ്. 30 മെഗാവാട്ട് ശേഷിയുള്ള ഒരു ഡാറ്റ സെന്റർ വർഷംതോറും നൂറുകണക്കിന് ദശലക്ഷം ലിറ്റർ വെള്ളം ഉപയോഗിക്കാം. ഇത് ആയിരക്കണക്കിന് വീടുകളുടെ വാർഷിക ജല ഉപഭോഗത്തിന് സമാനമാണ്.
ചെന്നൈയിലെ ഡാറ്റ സെന്ററുകളും കുടിവെള്ള ക്ഷാമവും
മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ഇന്ത്യയിലെ ഭൂരിഭാഗം ഡാറ്റാ സെന്ററുകളും കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിൽ മൂന്നു ഡാറ്റ സെന്ററുകളാണ് ചെന്നൈയിൽ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ജലത്തിനായി ഇതിനകം തന്നെ കടുത്ത മത്സരമുണ്ട്. ഒരു പ്രധാന ഡാറ്റ സെന്റർ ഹബ്ബായ ചെന്നൈ, ഉയർന്ന ജല ക്ഷാമമുള്ള പ്രദേശമായി കണക്കാക്കപ്പെടുന്നു. ഇവിടുത്തെ ഡാറ്റ സെന്ററുകൾ കുടിവെള്ളത്തിനും കൃഷിക്കും ആവശ്യമായ ജലമാണ് നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. നിയന്ത്രണമില്ലാത്ത വികസനം ജല ക്ഷാമം കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുണ്ട്. 2030ഓടെ ഇന്ത്യയിലെ 60–80 ശതമാനം ഡാറ്റ സെന്ററുകൾ കടുത്ത ജല സമ്മർദ്ദം നേരിടുമെന്ന വിലയിരുത്തലുകളുമുണ്ട്.
തമിഴ്നാട്ടിലെ 22 ജില്ലകൾ റെഡ് കാറ്റഗറിയിലാണ്. ഭൂഗർഭ ജലത്തിന്റെ അളവ് ആശങ്കജനകമാംവിധം താഴ്ന്ന ജില്ലകളെയാണു റെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രദേശത്ത് ശുദ്ധജലം അമിതമായി ഉപയോഗിക്കേണ്ടി വരുന്ന ഡാറ്റ സെന്ററുകൾ പെരുകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഐടി ഭീമന്മാർ കണ്ണുവെക്കുന്നത് ഇന്ത്യയിലേക്ക്
ഗൂഗിൾ ആന്ധ്രാപ്രദേശിൽ ഒരു എഐ ഡാറ്റാ സെന്ററിനായി 15 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. ഇത് ഇന്ത്യയിൽ ഇതുവരെ നടത്തിയ ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമാണ്. ആമസോൺ വെബ് സർവീസസ്, മെറ്റാ എന്നിവ പോലുള്ള ആഗോള ഭീമന്മാരും, റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള ആഭ്യന്തര കമ്പനികളും ഇന്ത്യയിലെ ഡാറ്റാ സെന്റർ വിപണിയിൽ ബില്യൺ ഡോളറുകളുടെ നിക്ഷേപം നടത്തുകയാണ്. ആഡംബര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ പോലും ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. 2027ഓടെ ഇന്ത്യയിലെ ഡാറ്റാ സെന്റർ ശേഷി 77ശതമാനം ഉയർന്ന് 1.8 ഗിഗാവാട്ട് വരെ എത്തുമെന്നാണ് പ്രവചനം. 2030 വരെ ശേഷിവർധനവിനായി 25 മുതൽ 30 ബില്യൺ ഡോളർ വരെ ചെലവാകുമെന്നുമാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ വികസനത്തിന് ഡാറ്റാ സെന്ററുകൾ അനിവാര്യമാണെങ്കിലും, അത്യധികം ഊർജവും വൻതോതിൽ വെള്ളവും ആവശ്യമായ ഈ സംവിധാനങ്ങൾ രാജ്യത്തിന്റെ കാർബൺ കുറവ് ലക്ഷ്യങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. തമിഴ്നാട് ഡാറ്റ സെന്ററുകൾക്ക് ഭൂമി, വൈദ്യുതി തുടങ്ങിയ പ്രോത്സാഹനങ്ങൾ നൽകുന്നുണ്ട്. അതേസമയം, ജല ഉപഭോഗത്തിൽ കൂടുതൽ കർശനമായ ചട്ടങ്ങളും നിയന്ത്രണങ്ങളും ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ശക്തമായി ഉയർന്നിട്ടുണ്ട്.
ലോക ജനസംഖ്യയുടെ 18ശതമാനം ഇന്ത്യയിൽ ഉള്ളപ്പോൾ, ലോകത്തെ ജലസ്രോതസ്സുകളുടെ വെറും 4ശതമാനം മാത്രമാണ് രാജ്യത്തിനുള്ളത്. എന്നിരുന്നാലും, വൻ ഡാറ്റാ സെന്റർ നിക്ഷേപങ്ങൾ ആകർഷിക്കാതെ ഇന്ത്യക്ക് മുന്നോട്ട് പോകാനാവില്ലെന്ന് ചില വിദഗ്ധർ പറയുന്നു.
ലോക ഡാറ്റാ ഉത്പാദനത്തിന്റെ 20ശതമാനം ഇന്ത്യയുടേതാണെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ആഗോള ഡാറ്റാ സെന്റർ ശേഷിയിൽ ഇന്ത്യയ്ക്ക് വെറും മൂന്നു ശതമാനം മാത്രമേ പങ്കുള്ളൂ. 2028ഓടെ ലോകത്ത് ഏറ്റവും കൂടുതൽ ഡാറ്റ ഉപഭോഗം നടത്തുന്ന രാജ്യം ഇന്ത്യയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയെയും യൂറോപ്പിനെയും ചൈനയെയും പോലും ഈ കാര്യത്തിൽ ഇന്ത്യ മറികടക്കും.
ഇന്റർനെറ്റ്, മൊബൈൽ ഉപയോഗത്തിലെ വൻ വർധന, ഉപയോക്തൃ ഡാറ്റ രാജ്യത്തിനകത്ത് തന്നെ സംഭരിക്കണമെന്ന സർക്കാർ നയം, നിർമ്മിത ബുദ്ധിയുടെ വേഗത്തിലുള്ള സ്വീകരണം എന്നിവയാണ് ഈ ഡാറ്റ ആവശ്യകതയ്ക്ക് പിന്നിൽ. ചാറ്റ് ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകളുടെ രണ്ടാമത്തെ വലിയ ഉപയോക്തൃ രാജ്യം ഇന്ത്യയിലാണ്.
ഡാറ്റാ സെന്റർ വികസന ചെലവ് ലോകത്തിലെ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈന മാത്രമാണ് ഇതിലും കുറഞ്ഞ ചെലവിൽ ഡാറ്റ സെന്റർ സ്ഥാപിക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ വൈദ്യുതി ചെലവും വളരെ കുറവാണ്. കൂടാതെ, ലോകോത്തര സാങ്കേതിക പ്രതിഭകളുടെ ലഭ്യതയും ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകുന്നു.











