
ബംഗളുരു: കർണാടകത്തിൽ ഇപ്പോൾ ഏറ്റവുമേറെ മാനസിക സംഘർഷം അനുഭവിക്കുന്ന സെലിബ്രിറ്റി സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപയാണ്. അനേകായിരം ആരാധകരുടെ ചങ്കായി സിനിമയും ഉല്ലാസജീവിതവുമായി കഴിഞ്ഞിരുന്ന ദർശൻ കൊലക്കേസിൽ പ്രധാന പ്രതിയായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ്. ശക്തമായ തെളിവുകളും സാക്ഷിമൊഴികളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുള്ള പ്രമാദമായ കൊലക്കേസിലാണ് ദർശൻ ഉൾപ്പെട്ടിരിക്കുന്നത്. കൊല നടന്നതിന്റെ മൂന്നാം ദിവസം തന്നെ ദർശനെയും പെൺ സുഹൃത്ത് പവിത്ര ഗൗഡയെയും കൂട്ടുപ്രതികളെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. പവിത്ര ഗൗഡയെ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ച ചിത്രദുർഗ്ഗ സ്വദേശിയായ രേണുകസ്വാമി എന്ന ആരാധകനെ ബംഗളുരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് ദർശനും സഹായികളും ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. അതിപ്രഗത്ഭനായ അഭിഭാഷകനെ വെച്ചിട്ടും കേസ്സിൽ നിന്ന് ഊരിപ്പോരാൻ ദർശന് കഴിഞ്ഞില്ല. തെളിവുകളും സാക്ഷിമൊഴികളും അദ്ദേഹത്തിന് എതിരാണ്. നഗരത്തിലെ കോടതിയിൽ കേസ്സിന്റെ വിചാരണ നടന്നുവരികയാണ്. ഇരുനൂറോളം സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. വിചാരണ അനന്തമായി നീളുന്ന സാഹചര്യത്തിൽ പ്രത്യേക ജാമ്യത്തിനായി കഴിഞ്ഞ ദിവസം ദർശൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആ ഹരജി തള്ളിയ സുപ്രീംകോടതി കേസ് വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് വിചാരണ കോടതിയ്ക്ക് നിർദ്ദേശം നൽകിയത്. മുമ്പ് ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീംകോടതിയാണ് കർണാടക ഗവണ്മെന്റിന്റെ പരാതി പ്രകാരം റദ്ദാക്കിയത്. പുതിയ ഉത്തരവ് വലിയ ഷോക്കാണ് ജയിലിൽ കഴിയുന്ന ദർശന് നൽകിയത്. അദ്ദേഹം ജയിലിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു എന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് പരപ്പന ജയിൽ പരിസരത്ത് ആരാധകർ തടിച്ചുകൂടിയിരുന്നു. എന്നാൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും പ്രചരിച്ച വാർത്ത അസത്യമാണെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. ജയിലിനു മുന്നിൽ തടിച്ചുകൂടിയവരെ പോലീസ് ബലംപ്രയോഗിച്ചാണ് തിരിച്ചയച്ചത്. അതിനിടയിൽ പത്നി വിജയലക്ഷ്മിയും മകനും ജയിലിലെത്തി ദർശനെ സന്ദർശിച്ചു. ഇന്നലെ അവരുടെ വിവാഹ വാർഷികമായിരുന്നു.
Photo Courtesy - Google










