12:36am 18 January 2026
NEWS
ദർശന്റെ പുതിയസിനിമ പ്രദർശനശാലകളിൽ ; ആരാധകർക്ക് നിരാശ
12/12/2025  12:03 PM IST
വിഷ്ണുമംഗലം കുമാർ
ദർശന്റെ പുതിയസിനിമ പ്രദർശനശാലകളിൽ ; ആരാധകർക്ക് നിരാശ

രേണുകസ്വാമി കൊലക്കേസിൽ പ്രതിയാക്കപ്പെട്ട് കന്നഡത്തിലെ സൂപ്പർസ്റ്റാർ ദർശൻ ജയിലിലാണ്. കേസിന്റെ വിചാരണ നടന്നുവരുന്നു. അതിനിടയിൽ ദർശന്റെ പുതിയ ചിത്രം ഡെവിൾ തിയ്യേറ്ററുകളിലെത്തി. കഴിഞ്ഞ വർഷം ഈ സിനിമയുടെ ഷൂറ്റിംഗിനിടയിലാണ് മൈസൂരുവിൽ വെച്ച് ദർശനെ പോലീസ് അറസ്റ്റുചെയ്തത്. ജാമ്യത്തിലിറങ്ങിയ കാലയളവിലാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ഹൈക്കോടതി അനുവദിച്ച ജാമ്യം കർണാടക ഗവണ്മെന്റ് സമർപ്പിച്ച അപ്പീലിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ വിചാരണതടവുകാരനായി കഴിയുകയാണ് കേസിൽ രണ്ടാം പ്രതിയായ ദർശൻ. എന്നാൽ ഡെവിൾ ആരാധകരെ തൃപ്തിപ്പെടുത്തുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. " ശരാശരി രാഷ്ട്രീയ സിനിമ. പുതുതായി ഒന്നുമില്ല. ദർശന്റെ ഏറ്റവും മോശമായ സിനിമയാണിത് " ഒരു ആരാധകൻ എഴുതുന്നു. കൊലക്കേസിൽ പ്രതിയാണെങ്കിലും ദർശന്റെ പുതിയ സിനിമ കാണാൻ ഒരു വിഭാഗം യുവ ആരാധകർ എത്തുന്നുണ്ട്. എന്നാൽ കുടുംബ പ്രേക്ഷകർ വളരെ കുറവാണ്. ദർശന്റെ കടുത്ത ആരാധകരിൽ ഒരാളായിരുന്നു ചിത്രദുർഗ്ഗയിലെ ഫാർമസി ജീവനക്കാരനായിരുന്ന രേണുകസ്വാമി. പവിത്ര ഗൗഡ എന്ന ദർശന്റെ പെൺസുഹൃത്തിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു എന്നാരോപിച്ച് ദർശന്റെ സഹായികൾ അയാളെ ബംഗളുരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. പവിത്ര ഗൗഡ ഒന്നാം പ്രതിയും ദർശൻ രണ്ടാം പ്രതിയുമാണ്. ഇന്നലെയാണ് ഡെവിൾ റിലീസ് ചെയ്തത്. രചന റായ്, മഹേഷ്‌ മഞ്റേകർ, അച്ചുത് കുമാർ, ഷർമില മൻദ്രെ തുടങ്ങിയവരാണ് മറ്റുപ്രധാന നടീനടന്മാർ. പ്രകാശ് സംവിധാനം നിർവ്വഹിച്ച ഈ ചിത്രം മൈസൂരു, ബംഗളുരു എന്നീ ഇടങ്ങൾക്ക് പുറമെ രാജസ്ഥാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിലുമായാണ് ചിത്രീകരിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img