08:44am 19 April 2026
NEWS
ഡാർലി സെബാസ്റ്റ്യന്റെ
"എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്" ആമസോൺ ബെസ്റ്റ്‌സെല്ലർ പട്ടികയിലേക്ക്..

18/04/2026  11:19 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡാർലി സെബാസ്റ്റ്യന്റെ  എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ് ആമസോൺ ബെസ്റ്റ്‌സെല്ലർ പട്ടികയിലേക്ക്..

 

ലൈസന്‍സ്ഡ് പ്രൊഫഷണല്‍ കൗണ്‍സിലറും ലൈഫ് കോച്ചുമായ ഡാര്‍ലി സെബാസ്റ്റ്യന്റെ ആദ്യ കവിതാ സമാഹാരമായ "എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്"പുറത്തിറങ്ങി.

ഇരുപതിലധികം വര്‍ഷത്തെ തന്റെ അനുഭവസമ്പത്തിന്റെ പശ്ചാത്തലത്തില്‍ ബാല്യകാല ട്രോമയെ ആസ്പദമാക്കി ഡാര്‍ലി സെബാസ്റ്റിയന്‍ എഴുതിയ വ്യക്തിപരവും ഹൃദയസ്പര്‍ശിയുമായ
"എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്"
 ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ സൗഖ്യയാത്രയുടെ പ്രതിഫലനമാണ്."എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്"
എന്ന കവിതാസമാഹാരം, ഡാര്‍ലിയുടെ വ്യക്തിപരമായ അനുഭവങ്ങളും ജീവിതത്തില്‍ കണ്ടും കേട്ടും മനസ്സിലാക്കിയ വേദനകളും ചേര്‍ന്നതാണ്. പുസ്തകത്തിന്റെ കവര്‍ പേജില്‍ അവരുടെ ബാല്യകാല ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു പ്രതീകാത്മകമായ തിരിച്ചുപോക്കാണ് കവിത-സ്വന്തം ഉള്ളിലെ കുട്ടിയുമായി വീണ്ടും ബന്ധപ്പെടാനുള്ള ക്ഷണം.

വേദനയില്‍ നിന്ന് വാക്കുകളിലേക്കും, ഓര്‍മ്മയില്‍ നിന്ന് ഹീലിങ്ങിലേക്കുമുള്ള ഒരു യാത്രയാണ് ഈ കവിതാ സമാഹാരം. ബാല്യത്തിന്റെ നിഴലുകളില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിക്കുന്ന ഏവര്‍ക്കും, ഈ പുസ്തകം ഒരു ആത്മസ്പര്‍ശിയായ അനുഭവമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആമസോണ്‍ കെ ഡി ബി മുഖേനയാണ് കവിതാ സമാഹാരം പുറത്തിറക്കിയത്. 

കവിയത്രിയെക്കുറിച്ച്:

കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഡാര്‍ലി, ദീര്‍ഘവീക്ഷണമുള്ള, അധ്വാനശീലരായ തോമസിന്റെയും ചിന്നമ്മയുടെയും മകളാണ്. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാരായിരുന്നു ഇരുവരും. ജോലി സംബന്ധമായ കാരണങ്ങളാല്‍ കുടുംബത്തോടെ പല സ്ഥലങ്ങളില്‍ മാറി മാറി താമസിക്കേണ്ടി വന്നു. പുതിയ മാറ്റങ്ങളും ഇടങ്ങളും അനുഭവങ്ങളും ബാല്യത്തില്‍ തന്നെ ജീവിതത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഡാര്‍ലിയ്ക്ക് സഹായകമായി. 

അഞ്ച് മക്കളില്‍ നാലാമത്തെയാളാണ് ഡാര്‍ലി. സഹോദരങ്ങളും എഴുത്തിനോടും സാഹിത്യത്തോടും അടുപ്പമുള്ളവരായിരുന്നു. അക്ഷരങ്ങളെ സ്‌നേഹിച്ചിരുന്ന കുടുംബവും കുടുംബ അന്തരീക്ഷവുമാണ് ഡാര്‍ലിയുടെ ഉള്ളില്‍ കഥകളും കവിതകളും ജനിപ്പിച്ചത്.

സഹോദരനോട് ആയിരുന്നു ഡാര്‍ലിക്ക് കൂടുതല്‍ അടുപ്പവും സ്‌നേഹവും. വലിയ പ്രായവ്യത്യാസമില്ലെങ്കിലും ഒരു അച്ഛന്റെ സംരക്ഷണവും പിന്തുണയുമാണ് ഡാര്‍ലിക്ക് സഹോദരനില്‍ നിന്ന് ലഭിച്ചത്. പിന്നീട് ജീവിതത്തിലേക്ക് കടന്നു വന്ന സഹോദരന്റെ ഭാര്യയുമായുള്ള സൗഹൃദവും ഡാര്‍ലിയുടെ ജീവിതം കൂടുതല്‍ മനോഹരമാക്കി.

ഉദ്യോഗസ്ഥയായിരുന്ന അമ്മ ജോലിതിരക്കുകള്‍ക്കിടയിലും ഓരോ മക്കള്‍ക്കും വ്യക്തിഗതമായ പരിചരണവും സ്‌നേഹവും ആഴത്തില്‍ നല്‍കിയിരുന്നതിനാല്‍ ഡാര്‍ലിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയും അമ്മ തന്നെയാണ്. അമ്മയുടെ കരുതലിനും സ്‌നേഹത്തിനും പകര്‍ന്നു നല്‍കിയ കരുത്തിനുമുള്ള ആദരവായി ആദ്യ കവിതാ സമാഹാരം സമര്‍പ്പിക്കുന്നതും അമ്മയ്ക്ക് ആണ്. 
അക്ഷരങ്ങളെ സ്‌നേഹിക്കുന്നതിലും എഴുതാനുള്ള കഴിവിലും അച്ഛന്റെ സ്വാധീനവും നിറഞ്ഞിരുന്നത് ഡാര്‍ലിയുടെ സൃഷ്ടിപരമായ യാത്രയെ കൂടുതല്‍ ആഴത്തില്‍ രൂപപ്പെടുത്തി.

ഡാര്‍ലിയുടെ ബാല്യകാലത്തിലെ ഏറ്റവും ആഴമേറിയ അനുഭവങ്ങളില്‍ ഒന്നാണ് വളരെ ചെറുപ്പത്തില്‍ കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിയേണ്ടി വന്നത്. അമ്മയുടെ അസുഖവും കുടുംബസാഹചര്യങ്ങളും കാരണം, അഞ്ചോ ആറോ വയസ്സില്‍ തന്നെ ഡാര്‍ലിയ്ക്ക് അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറേണ്ടി വന്നു. അവിടെ അമ്മയുടെ സഹോദരി അമ്മയെ പോലെ സ്‌നേഹിച്ചു. പെറ്റമ്മയില്‍ നിന്നുള്ള വേര്‍പിരിയലിന്റെ അനുഭവം അവരുടെ ഉള്ളില്‍ ദീര്‍ഘകാലം നിലനിന്നു. പിന്നീട് അവരുടെ എഴുത്തിന്റെ ആന്തരിക സ്വരമായി ഈ വേദന മാറി.

പത്താം ക്ലാസ്സ് വരെ മൂവാറ്റുപുഴ സെന്റ്.അഗസ്റ്റിന്‍ സ്‌കൂളില്‍ പഠനം. ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ പ്രീഡിഗ്രിയും തിരുവനന്തപുരം ഹോമിയോ കോളേജില്‍ നിന്ന് ബി എച്ച് എം എസും എടുത്തു. ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ സമഗ്ര മാനസിക കൗണ്‍സിലിംഗില്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ബെംഗളൂരു, ഓര്‍ലാന്‌ഡോ, ഫ്‌ലോറിഡ എന്നിവിടങ്ങളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തി. ഇപ്പോള്‍ ജീവിത മാര്‍ഗനിര്‍ദേശവും (ലൈഫ് കോച്ചിംഗ്) സംഘാടിത മാനസികാരോഗ്യ കൗണ്‍സിലിംഗും  ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ക്ലാസുകളെടുക്കുന്നുണ്ട്.

്ബാല്യകാല അനുഭവങ്ങളും ട്രോമയും ഇന്നത്തെ നമ്മളെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന സത്യം ഡാര്‍ലിയുടെ ജീവിതവും പ്രവര്‍ത്തനവും നമ്മെ ബോധ്യപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ സ്വന്തം ഹീലിങ് പ്രക്രിയ കുട്ടികളുടെ മാനസികാരോഗ്യത്തിനും ഭാവിക്കും അത്യന്താപേക്ഷിതമാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു.

The Shape of Wellness, Dreavita എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ ഡാര്‍ലിയുടെ സേവനങ്ങള്‍ ലഭ്യമാണ്.
Website: [https://theshapeofwellness.com/](https://theshapeofwellness.com/)
Work & Services: [https://dreavita.com/](https://dreavita.com/)

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.