
ഇന്ത്യയിലെ സാഹചര്യങ്ങൾ അനാരോഗ്യകരവും അംഗീകരിക്കാൻ സാധിക്കാത്തതുമെന്ന് ഡെന്മാർക്ക് ബാഡ്മിന്റൻ താരം ബ്ലിച്ഫെറ്റ്. ഇന്ത്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ മത്സരങ്ങൾക്കു വേണ്ടി ഇന്ത്യയിലെത്തിയപ്പോൾ തനിക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. ഇന്ത്യയിലെ മോശം സാഹചര്യങ്ങളെ തുടർന്ന് തന്റെ ആരോഗ്യനില മോശമായെന്നും മിയ ബ്ലിച്ഫെറ്റ് വ്യക്തമാക്കി.
‘‘ഇന്ത്യയിലെ സമ്മർദം നിറഞ്ഞ ഒരാഴ്ചയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തി. ഇന്ത്യ ഓപ്പണിനിടെ ഞാൻ അസുഖ ബാധിതയായി. ഇതു തുടർച്ചയായി രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. ആഴ്ചകളെടുത്തുള്ള തയാറെടുപ്പാണ് ഇന്ത്യയിലെ മോശം സൗകര്യങ്ങൾ കാരണം പാഴായിപ്പോയത്. പുകമഞ്ഞിൽ പരിശീലിക്കണമെന്നും കളിക്കണമെന്നും പറയുന്നതു ശരിയല്ല. കോർട്ടിൽ നിറയെ പക്ഷികളുടെ കാഷ്ഠമായിരുന്നു. എല്ലായിടത്തും വൃത്തികേടുകൾ മാത്രം. രണ്ടാം റൗണ്ടിലെത്തിയെങ്കിലും, ഇന്ത്യയിലെ സൗകര്യങ്ങളിൽ എനിക്ക് ഒട്ടും തൃപ്തിയില്ല. ’’– മിയ വ്യക്തമാക്കി.
ലോക 23–ാം നമ്പർ താരമായ മിയ, രണ്ടാം റൗണ്ടിൽ ചൈനയുടെ വാങ് ഷി യിയോട് 21–13, 16–21, 8–21 എന്ന സ്കോറിന് തോറ്റാണു പുറത്തായത്.











