
കലാരംഗത്ത് സ്ത്രീകൾ കൈവരിച്ച നേട്ടങ്ങൾ ചരിത്രപരവും വർത്തമാനകാലപരവുമായ വലിയ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. പണ്ടുകാലത്ത് വീടുകൾക്കുള്ളിലോ ക്ഷേത്രങ്ങളിലോ മാത്രമായി ഒതുങ്ങിനിന്നിരുന്ന സ്ത്രീകളുടെ കലാപരമായ കഴിവുകൾ ഇന്ന് ലോകവേദികളിൽ വരെ എത്തിനിൽക്കുന്നു. നൃത്തത്തെ ഒരു കലയായും തൊഴിലായും മാറ്റിയെടുക്കുന്നതിൽ സ്ത്രീകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കേരളത്തിന്റെ തനത് ശാസ്ത്രീയ കലാരൂപമാണ് കഥകളി. നൃത്തം, നാട്യം, സംഗീതം, വാദ്യം എന്നിവയുടെ ഒരു അപൂർവ്വ സംഗമമാണിത്. പതിനേഴാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രൂപം നൽകിയ 'രാമനാട്ടം' എന്ന കലയിൽ നിന്നാണ് കഥകളി ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു.
കഥകളി പഠനം അല്ലെങ്കിൽ പരിശീലനം എന്നത് കഠിനമായ ഒരു തപസ്സ് പോലെയാണ്. ശരീരവും മനസ്സും പൂർണ്ണമായി സമർപ്പിച്ചാൽ മാത്രമേ ഒരു നല്ല കഥകളി നടനാകാൻ സാധിക്കൂ. പണ്ടുകാലത്ത് 'ഗുരുകുല' സമ്പ്രദായത്തിലാണ് ഇത് പഠിപ്പിച്ചിരുന്നത്.
കഥകളി ചെയ്യുമ്പോൾ ശരീരത്തിന്റെ ബാലൻസ് നിലനിർത്താനും മെയ്‌വഴക്കത്തിനും വേണ്ടിയുള്ള പരിശീലനം അത്യാവശ്യമാണ്. കൈകൾകൊണ്ട് കാണിക്കുന്ന 24 അടിസ്ഥാന മുദ്രകളും അവയുടെ അർത്ഥങ്ങളും പഠിക്കണം. മുഖത്തെ പേശികൾ ചലിപ്പിച്ച് നവരസങ്ങൾ(ശൃംഗാരം, കരുണം, രൗദ്രം മുതലായവ) സ്വായത്തമാക്കണം. കുറഞ്ഞത് 6 മുതൽ 8 വർഷം വരെ നീളുന്ന കഠിനമായ പരിശീലനത്തിന് മാത്രമേ ഒരാൾക്ക് കഥകളിവേഷം കെട്ടി അരങ്ങിലെത്താൻ സാധിക്കുകയുള്ളൂ.
അമ്പത് വയസ്സ് പിന്നിട്ടവർ കഥകളിയിൽ അരങ്ങേറ്റം കുറിക്കുന്നത് ഇന്ന് ഒരു അസാധാരണ സംഭവമല്ല. പ്രായം ഒരു തടസ്സമല്ലെന്നും, കലയോടുള്ള അഭിനിവേശവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രായത്തിലും തുടങ്ങാമെന്നും തെളിയിക്കുന്ന നിരവധിപ്പേർ സമീപകാലത്ത് കേരളത്തിൽ അരങ്ങേറ്റം നടത്തിയിട്ടുണ്ട്.
അവർ മുഴുവൻസമയവും പഠനത്തിനും പരിശീലനത്തിനുമായി സമർപ്പിക്കുന്നു. അവർക്ക് മറ്റ് ജോലികളോ ഉത്തരവാദിത്തങ്ങളോ കുറവായതിനാൽ കൂടുതൽ സമയം കലയ്ക്കായി ഉപയോഗിക്കാൻ സാധിക്കുന്നു. മറ്റ് ജോലികൾ ചെയ്യുന്ന കലാകാരന്മാർ, ജോലിക്ക് ശേഷമുള്ള സമയം(വൈകുന്നേരമോ രാത്രിയിലോ) പരിശീലനത്തിനായി ഉപയോഗിക്കുന്നു. അല്ലെങ്കിൽ വാരാന്ത്യങ്ങൾ മുഴുവനും പരിശീലനത്തിനായി മാറ്റിവയ്ക്കുന്നു. കഥകളി ജീവിതത്തിലെ ഒരു പ്രധാന മുൻഗണനയായി കണക്കാക്കി അതിനായി മറ്റ് വിനോദങ്ങൾ സാമൂഹിക ഇടപെടലുകൾ എന്നിവ കുറയ്ക്കുന്നു.
ഇരിഞ്ഞാലക്കുട വല്ലക്കുന്ന് ഉപാസനയിൽ പരേതരായ ഗംഗാധരൻ- അല്ലി ദമ്പതികളുടെ മകൾ സീനയുടേയും കാലിക്കറ്റ് സർവ്വകലാശാല മുൻവൈസ് ചാൻസലറും ചിത്രകാരനുമായ കെ.കെ.എൻ. കുറുപ്പ്- മാലിനി ദമ്പതികളുടെ മകൾ മീന കുറുപ്പിന്റെയും കഥകളി അരങ്ങേറ്റം കുറിച്ചത് ഗുരുവായൂരിലുള്ള മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ്. അൻപത്തൊന്നുകാരി സീന കുചേലവൃത്തം ആട്ടക്കഥയിലെ രുക്മിണിയായി കഥകളിയിലും അരങ്ങേറ്റം കുറിച്ചു. നാൽപ്പത്തി മൂന്നാം വയസ്സിലാണ് നൃത്തം ആരംഭിച്ചത്. ഗുരുവായ കലാമണ്ഡലം അരവിന്ദന്റെ കീഴിൽ ഒന്നരവർഷത്തെ തുടർച്ചയായ പരിശീലനത്തിനൊടുവിലാണ് അരങ്ങേറ്റമെന്ന സ്വപ്നത്തിലേക്ക് സീന എത്തിച്ചേർന്നത്. ഏതൊരു കലയ്ക്കും പ്രായമല്ല അടിസ്ഥാനമെന്നും അഭിനിവേശവും അർപ്പണബോധവുമാണ് അത്യാവശ്യമെന്നാണ് സീനയുടെ കാഴ്ചപ്പാട്. ഒരുപാട് കഥാപാത്രങ്ങളിലൂടെ കഥകളിയിൽ നിറഞ്ഞുനിൽക്കണമെന്നാണ് ആഗ്രഹമെന്ന് സീന പറയുന്നു.
'സരസ നേത്ര പോരുമേ' എന്ന കുചേലവൃത്തത്തിലെ രുക്മിണിയെ അവതരിപ്പിച്ച് സീന ഉണ്ണിയും 'മതിമുഖി മമ നാഥേ' എന്ന ശ്രീകൃഷ്ണ പദം മീന കുറുപ്പും അരങ്ങേറി. കഥകളി കേരളത്തിന്റെ സാംസ്‌ക്കാരിക കലാരൂപം എന്നതിലുപരി, ദൃശ്യ-ശ്രാവ്യ ഭംഗിയുടെ ഒരു വിസ്മയംതന്നെയാണ്. ഈ കലാരൂപത്തിന്റെ സൗന്ദര്യം അതിന്റെ വിവിധ ഘടകങ്ങളുടെ സമന്വയത്തിൽ നിന്നാണ് രൂപപ്പെടുന്നത്. പച്ച(സാത്വികം), കത്തി(രാജസവും താമസവും) താടി(ക്രൗര്യം) തുടങ്ങിയ വേഷങ്ങളോരോന്നും മനുഷ്യന്റെ വിവിധ സ്വഭാവങ്ങളെ വർണ്ണങ്ങളിലൂടെ അവതരിപ്പിക്കുന്നു. കൈകൾ കൊണ്ടുള്ള മുദ്രകൾ ഉപയോഗിച്ച് കഥാപാത്രം സംസാരിക്കുന്നതുപോലെ തോന്നുന്ന ആ മാന്ത്രികതയാണ് കഥകളിയുടെ സൗന്ദര്യം പുത്തൻ തലമുറ ക്ഷേത്രകലകളോട് താൽപ്പര്യം കാണിക്കുന്നത് ആശാവഹമാണെന്നാണ് ഈ കലാകാരിയുടെ വിലയിരുത്തൽ.
ദുബായിലെ പ്രമുഖ ബാങ്കിലെ ഐ.ടി ഉദ്യോഗസ്ഥനായ ഉണ്ണിയാണ് സീനയുടെ ഭർത്താവ്. ഏക മകനായ ശ്രീഹരി ബിസിനസ്സ് ചെയ്യുന്നു.
മൂന്ന് മക്കളുടെ, മാതാവായ മീനക്കുറുപ്പിന്റെ ഭർത്താവ് എഞ്ചിനീയർ ആണ്. മുകുന്ദ്, ജാനകി, ജഗത് എന്നിവരാണ് മക്കൾ.










