
തിരുവനന്തപുരം:പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കേരളത്തിൽ കടുത്ത മന്ദഗതി. കേന്ദ്ര നിയമ മന്ത്രാലയം പുറത്തുവിട്ട 2023-ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇത്തരം കേസുകളിലെ ശിക്ഷാനിരക്ക് കേവലം 13.5 ശതമാനം മാത്രമാണ്. ആവശ്യത്തിന് പ്രത്യേക കോടതികളില്ലാത്തതാണ് വിചാരണയും കേസ് തീർപ്പാക്കലും നീണ്ടുപോകാൻ പ്രധാന കാരണം.
2023-ൽ കേരളത്തിൽ 957 കേസുകളിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, മുൻവർഷങ്ങളിലെ കുടിശ്ശികയടക്കം വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞത് 816 എണ്ണത്തിൽ മാത്രമാണ്. അതേസമയം, ഉത്തർപ്രദേശിൽ 13,560 കേസുകളിൽ കുറ്റപത്രം നൽകിയപ്പോൾ 4,557 കേസുകൾ തീർപ്പാക്കാനും 65.6 ശതമാനം കേസുകളിലും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനും സാധിച്ചു.
കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കുന്നില്ല
യു.പിയിൽ അട്രോസിറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗത്തിലും രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്നുണ്ട്. 2023-ൽ രജിസ്റ്റർ ചെയ്ത 2,536 കേസുകളിൽ 1,801 എണ്ണത്തിലും 60 ദിവസത്തിനകം കുറ്റപത്രം നൽകി. എന്നാൽ കേരളത്തിൽ പരിശോധിച്ച 31 കേസുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.
കോടതികളുടെ എണ്ണത്തിൽ വൻ കുറവ്
കോടതികളുടെ കുറവാണ് തിരിച്ചടിയാകുന്നത്. 2023-24 വർഷങ്ങളിൽ ഉത്തർപ്രദേശിൽ 148 പ്രത്യേക കോടതികൾ സ്ഥാപിച്ചപ്പോൾ കേരളത്തിൽ ഇത് 13 എണ്ണം മാത്രമാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ ജില്ലാതലത്തിൽ സ്പെഷ്യൽ കോടതികൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. കേസുകൾ കുറവുള്ള ഇടങ്ങളിൽ സെഷൻസ് കോടതികൾക്ക് ചുമതല നൽകാം.
പ്രത്യേക കോടതികൾ സ്ഥാപിച്ചാൽ ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ ശമ്പളത്തിനും ഓഫീസ് ചെലവുകൾക്കുമായി കേന്ദ്ര സഹായം ലഭിക്കും. എന്നാൽ കെട്ടിടം, ഭൂമി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനം കണ്ടെത്തണം. നിയമത്തിലെ 15A വകുപ്പ് പ്രകാരമുള്ള ഇരകളുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കേണ്ടതും സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്.











