12:34am 13 November 2026
NEWS
​ദേവസ്വം ബോർഡിൽ 'തീണ്ടാപ്പാട്' മാറുന്നില്ല; ജാതിഅധിക്ഷേപത്തിലും ഭീഷണിയിലും മനംനൊന്ത് ദളിത് പൂജാരി രാജി വെച്ചു
14/02/2026  09:24 AM IST
സുരേഷ് വണ്ടന്നൂർ
​ദേവസ്വം ബോർഡിൽ തീണ്ടാപ്പാട് മാറുന്നില്ല; ജാതിഅധിക്ഷേപത്തിലും ഭീഷണിയിലും മനംനൊന്ത് ദളിത് പൂജാരി രാജി വെച്ചു

കൊച്ചി:​തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിലനിൽക്കുന്ന കടുത്ത ജാതിവിവേചനത്തിനും ഉദ്യോഗസ്ഥ-യൂണിയൻ പീഡനങ്ങൾക്കുമെതിരെ പ്രതിഷേധമുയർത്തി പട്ടികജാതിക്കാരനായ ശാന്തിക്കാരൻ ജോലി രാജിവെച്ചു. പറവൂർ ഗ്രൂപ്പിലെ വാതുറക്കാവ് ഭഗവതി ക്ഷേത്ര പൂജാരി പി.ആർ. വിഷ്ണുവാണ് (23), അസിസ്റ്റന്റ് കമ്മീഷണറുടെ ഭീഷണിയും സംഘടനകളുടെ വേട്ടയാടലും സഹിക്കവയ്യാതെ പടിയിറങ്ങിയത്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന ദേവസ്വം ഭരണസംവിധാനത്തിനുള്ളിൽ സവർണ്ണാധിപത്യവും ജാതിവെറിയും ഇപ്പോഴും കൊടികുത്തി വാഴുന്നു എന്നതിന്റെ തെളിവാണ് വിഷ്ണുവിന്റെ രാജി.

​നവംബർ ഏഴിന് ജോലിയിൽ പ്രവേശിച്ച വിഷ്ണുവിന്, ചുമതലയേൽക്കുന്നതിന് മുൻപേ തന്നെ വംശീയമായ തടസ്സങ്ങൾ നേരിടേണ്ടി വന്നിരുന്നു. വ്യാജ പരാതികൾ ചമച്ചും, താൻ നേരിട്ട ജാതി അധിക്ഷേപത്തിനെതിരെ നൽകിയ നിയമപരമായ പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയും അധികൃതർ വിഷ്ണുവിനെ വരിഞ്ഞുമുറുക്കി. പറവൂർ അസിസ്റ്റന്റ് കമ്മീഷണർ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, കേസ് ഒത്തുതീർപ്പാക്കാൻ വഴങ്ങാത്തതിനാൽ യൂണിയൻ ഗ്രൂപ്പുകളിൽ നിന്ന് തന്നെ പുറത്താക്കി ഒറ്റപ്പെടുത്തിയെന്നും വിഷ്ണു വെളിപ്പെടുത്തി.

​ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽ മുക്കുപണ്ടം കണ്ടെത്തിയത് റിപ്പോർട്ട് ചെയ്തതും ഉന്നത ഉദ്യോഗസ്ഥരെയും യൂണിയൻ നേതാക്കളെയും വിഷ്ണുവിനെതിരെ തിരിക്കാൻ കാരണമായി. ജാതീയമായി അധിക്ഷേപിച്ചവർക്കെതിരെയുള്ള പരാതി പിൻവലിച്ചില്ലെങ്കിൽ സമാധാനമായി ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന പരസ്യമായ നിലപാടാണ് ദേവസ്വം അധികൃതർ സ്വീകരിച്ചത്. ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ, ജാതിവെറിക്കെതിരെയുള്ള പ്രതിഷേധമായാണ് തന്റെ രാജിയെന്ന് വിഷ്ണു വ്യക്തമാക്കി. ദേവസ്വം ബോർഡിലെ ദളിത് വിരുദ്ധതയ്ക്കെതിരെ വലിയ ജനകീയ പ്രതിഷേധത്തിനാണ് ഈ സംഭവം തിരികൊളുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img