
ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. പന്ത്രണ്ടു വയസുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.
പെൺകുട്ടിയെ വീട്ടിനുളളിൽവെച്ച് ബലാത്സംഗം ചെയ്ത് ശേഷം കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. നാല് പ്രതികളും പെൺകുട്ടിയുടെ അയൽവാസികളാണ്. ബന്ധുവായ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രധാന സാക്ഷിയായിരുന്നു കൊല്ലപ്പെട്ട പന്ത്രണ്ടുകാരി. ആ കേസിൽ മൊഴി നൽകാനിരിക്കെയാണ് കൊലപാതകം. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
നാലുപേർ ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് കെട്ടിത്തൂക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു. പ്രതികളിൽ ഒരാൾ നേരത്തെയും ബലാത്സംഗക്കേസിൽ പ്രതിയാണ്. ആ കേസിൽ തനിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുടുംബവും ആരോപിച്ചു.











