01:56am 03 June 2026
NEWS
ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാ ഫാൽക്കെ; കാലത്തിനുമുന്നേ നടന്ന് ചരിത്രമെഴുതിയ ധിഷണാശാലി
17/10/2025  03:52 PM IST
ആർ. പവിത്രൻ
ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാ ഫാൽക്കെ; കാലത്തിനുമുന്നേ നടന്ന് ചരിത്രമെഴുതിയ ധിഷണാശാലി

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണചടങ്ങിലാണ്, ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നൽകപ്പെടുന്നത്. ഇന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയവർക്ക് രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ പുരസ്‌ക്കാരങ്ങൾ പോലെ കേന്ദ്ര ഗവൺമെന്റ് നൽകുന്ന ആദരബഹുമതിയാണിത്. പലരും ധരിച്ചിരിക്കുന്നതുപോലെ മത്സരത്തിലൂടെയല്ല വിധിനിർണ്ണയം നടത്തുന്നത്. അർഹരായവരെ തെരഞ്ഞെടുക്കാനായി കേന്ദ്ര ഗവൺമെന്റ് വിദഗ്ദ്ധരുടെ ഒരു സമിതിയെ നിയമിക്കും. അവർ കൂലങ്കഷമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് വയ്പ്(പല നിർണ്ണയങ്ങളും പലപ്പോഴും നിശിതമായ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.) നടൻ മിഥുൻ ചക്രവർത്തി, ഗായകൻ ശങ്കർമഹാദേവൻ, സംവിധായകൻ അശുതോഷ് ഗോവരിക്കർ എന്നിവരടങ്ങിയ സമിതിയാണ് ഇത്തവണ വിധി നിർണ്ണയം നടത്തിയത്. മലയാള നടൻ മോഹൻലാലിനാണ് ഇത്തവണ അവാർഡ്. മോഹൻലാൽ സിനിമയ്ക്ക് നൽകിയ വിസ്മയകരമായ സംഭാവനകളാണ് മോഹൻലാലിനെ തെരഞ്ഞെടുക്കാൻ അടിസ്ഥാനമെന്ന് സമിതി വിലയിരുത്തുന്നു. 75-ാമത് ഫാൽക്കെ അവാർഡാണിത്. 1969 ൽ ആദ്യപുരസ്‌കാരം. ഹിന്ദി നടി ദേവികാറാണിയ്ക്കായിരുന്നു. (2004 ൽ മലയാളത്തിന്റെ ലോകചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനായിരുന്നു ഫാൽകെ അവാർഡ്)

'ഇന്ത്യൻ സിനിമയുടെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ ജനനം ഏപ്രിൽ 30, 1870- മരണം ഫെബ്രുവരി 16, 1944)യുടെ ആദ്യ ചിത്രമായ 'രാജാഹരിശ്ചന്ദ്ര' പുറത്തിറങ്ങിയത് 1913 ൽ ആയിരുന്നു. സിനിമയുടെ ആരംഭകാലത്ത് നിർമ്മിക്കപ്പെട്ട ഈ നിശബ്ദ സിനിമ ഇന്ത്യയിലെ ആദ്യമുഴുനീള ഫീച്ചർ ചിത്രമായും ഗണിക്കപ്പെടുന്നു. അതായത് ലോകത്തെ ആദ്യസിനിമാപ്രദർശനം നടന്നു 18 വർഷത്തിനുശേഷം. (അഗസ്റ്റി- ലൂയി ലൂമിയർ മൂവിക്യാമറ, അതായതു സിനിമാട്ടോഗ്രാഫി കണ്ടുപിടിച്ചു ചലിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് 1895 ലായിരുന്നു. 1895 ഡിസംബർ 28 ന് തീവണ്ടി പോലെ ചലിക്കുന്ന ദൃശ്യങ്ങൾ മൂവിക്യാമറയിൽ പകർത്തി ചെറുസദസ്സിന് മുന്നിൽ വെള്ളത്തുണി തിരശ്ശീലയിൽ പ്രദർശിപ്പിച്ചു. അതായിരുന്നു ആദ്യസിനിമാപ്രദർശനമായി കണക്കാക്കപ്പെടുന്നത്). അതിനാടകീയ മുഹൂർത്തങ്ങളും നൃത്തങ്ങളും നിറഞ്ഞതായിരുന്നു ഫാൽക്കെയുടെ ഈ സിനിമ. ഫാൽക്കെ 94 ഫീച്ചർ ഫിലിമുകളും, 27 ഹ്രസ്വചിത്രങ്ങളും 19 വർഷത്തെ സിനിമാജീവിതത്തിനിടയിൽ സംവിധാനം ചെയ്തു. പ്രധാന ചിത്രങ്ങളായി കണക്കാക്കപ്പെടുന്നത് മോഹിനി ഭസ്മാസുർ(1913), സത്യവാൻ സാവിത്രി(1913), ലങ്കാദഹൻ(1917), ശ്രീകൃഷ്ണ ജന്മ(1918), കാളിയമർദ്ദൻ(1919) എന്നിവയാണ്.

ബോംബേയിൽ മറാത്തി ബ്രാഹ്മണ കുടുംബത്തിൽ ഏഴുമക്കളിൽ ആറാമനായി ജനിച്ച അദ്ദേഹത്തിന്റെ പിതാവ് സദാശിവ ഫാൽക്കെ സംസ്‌കൃത പണ്ഡിതനായ പൂജാരിയായിരുന്നു. 1885 ൽ ഗോവിന്ദ് ജെ.ജെ സ്‌ക്കൂൾ ഓഫ് ആർട്ട്‌സിൽ ഒരു വർഷം ചിത്രകല പഠിച്ചു. തുടർന്ന് ബറോഡയിലെ മഹാരാജാ സായാജി റാവോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓയിൽ- വാട്ടർ കളർ പെയിന്റിംഗ് അഭ്യസിച്ചു. 1896 ൽ ഗോവിന്ദ് ഒരു ഫിലിം ക്യാമറ വിലയ്ക്ക് വാങ്ങുകയും, ഫോട്ടോഗ്രാഫി, പ്രോസസിംഗ്, പ്രിന്റിംഗ് എന്നിവയിൽ പരിചയം നേടുകയും ചെയ്തു. 1900 ൽ പ്ലേഗ് മഹാമാരി പടർന്നുപിടിച്ചപ്പോൾ, ഭാര്യയും മകനും മരണമടഞ്ഞു. തുടർന്നു ബറോഡയിൽ അദ്ദേഹം ഫോട്ടോഗ്രാഫി ബിസിനസ് ആരംഭിച്ചു. യാദൃച്ഛികമായി പരിചയപ്പെട്ട ഒരു ജർമ്മൻ മജീഷ്യനിൽ നിന്ന് ട്രിക്ക് ഫോട്ടോഗ്രാഫി മനസ്സിലാക്കി. പിൽക്കാലത്ത് സിനിമാനിർമ്മിതിക്ക് ഇത് സഹായകമായി. ആയിടയ്ക്ക് വീണ്ടും വിവാഹിതനായി. 1903 ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജോലി കിട്ടിയെങ്കിലും, തൃപ്തനാകാതെ രാജിവച്ചു. വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മയുമായുള്ള അടുപ്പത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ രവിവർമ്മ പ്രസ്സിൽ നിന്ന് ഫോട്ടോ- ലിത്തോ പ്രക്രിയയിൽ അവഗാഹം നേടി. തുടർന്ന് പ്രിന്റിംഗ് ബിസിനസ്സ് നടത്തിയെങ്കിലും പങ്കാളികളുമായുള്ള ഭിന്നതയെത്തുടർന്ന് അതവസാനിപ്പിച്ചു. മറ്റുപല പ്രിന്റിംഗ് കമ്പനികളിൽ നിന്ന് ഓഫറുകൾ വന്നെങ്കിലും അദ്ദേഹം അതൊന്നും സ്വീകരിച്ചില്ല.

1911 ഏപ്രിൽ 11 ന് ഫാൽക്കേയുടെ മൂത്തപുത്രൻ ബാലചന്ദ്ര ബോംബെയിലെ അമേരിക്ക- ഇന്ത്യ പിക്ചർ പാലസ്സിൽ 'അമേസിംഗ് അനിമൽസ്'എന്ന നിശബ്ദ ചലച്ചിത്രം കണ്ടു. അത് ഫാൽക്കെയുടെ ജീവിതത്തെ മാറ്റിമറിച്ചു. സ്‌ക്രീനിൽ കണ്ട ചലിക്കുന്ന മൃഗങ്ങളുടെ അത്ഭുത ദൃശ്യത്തെപ്പറ്റി ബാലചന്ദ്ര അമ്മ സരസ്വതിബായിയോട് പറഞ്ഞു. കുടുംബത്തിലെ മറ്റുള്ളവർക്ക് അതു വിശ്വസിക്കാനായില്ല. അതുകൊണ്ട് ഫാൽക്കെ കുടുംബാംഗങ്ങളുമൊത്ത് തിയേറ്ററിൽപ്പോയി ആ അത്ഭുതം കണ്ടു. ഫ്രഞ്ചുകാരനായ ആലിസ് ഗൈബ്ലാച്ചെ സംവിധാനം ചെയ്ത 'ദി ലൈഫ് ഓഫ് ക്രൈസ്റ്റ്'(1906) എന്ന നിശ്ശബ്ദ ചിത്രമായിരുന്നത്. അതുകണ്ട ഫാൽക്കെ ആലോചിച്ചു, എന്തുകൊണ്ടു ക്രിസ്തുവിന് പകരം രാമനേയും കൃഷ്ണനേയുമൊക്കെ ചലിക്കുന്ന ചിത്രപ്രതിഭാസത്തിൽ കഥാപാത്രങ്ങളാക്കിക്കൂടാ?

പിന്നെ ഫാൽക്കെയുടെ മനസ്സിൽ ആ ചിത്ര മാത്രമായി. അടുത്തവർഷം സിനിമാ സാമഗ്രികൾ ശേഖരിക്കാൻ തുടങ്ങി. പുസ്തകങ്ങളിൽ നിന്ന് ചലനചിത്രത്തെക്കുറിച്ച് പഠിച്ചു. യൂറോപ്പിൽ നിന്ന് ചില ഉപകരണങ്ങൾ ഇറക്കുമതി ചെയ്തു. ഒരു ചെറിയ ഫിലിം ക്യാമറയും റീലുകളും വാങ്ങി രാത്രിയിൽ മെഴുകുതിരി വെളിച്ചത്തിൽ ഭിത്തിയിൽ അത് പ്രൊജക്ട് ചെയ്തു രാത്രി വളരെ വൈകുവോളം അത് കാണാൻ തുടങ്ങി. ഇതോടെ തിമിരം ബാധിച്ചു രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. സുഹൃത്തായ നേത്രരോഗവിദഗ്ദ്ധൻ ഡോ. പ്രഭാകറിന്റെ ശ്രമഫലമായി കാഴ്ച സാവധാനം വീണുകിട്ടി. തുടർന്ന് ഫിലിം മേക്കിംഗിനെക്കുറിച്ചു പഠിക്കാൻ ഇംഗ്ലണ്ടിലേക്ക് പോകാനുള്ള ശ്രമമായി (ഇന്ത്യയിൽ ഫിലിം മേക്കിംഗിനെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലായിരുന്നു).  പണമായിരുന്നു പ്രധാന പ്രതിബന്ധം. ഒടുവിൽ അശ്രാന്ത ശ്രമഫലമായി അത്യാവശ്യം പണം ഒരുവിധത്തിൽ സ്വരുകൂട്ടി 1912 ഫെബ്രുവരി 1 ന് ലണ്ടനിലേക്ക് കപ്പൽ കയറി.

അവിടെവച്ചു യാദൃച്ഛികമായി 'ബയോസ്‌ക്കോപ്പ്' എന്ന സിനിമാ പ്രസിദ്ധീകരണത്തിന്റെ ഒരു ബോർഡ് കാണാനിടയായി. നാട്ടിൽ വച്ചു ആ പ്രസിദ്ധീകരണം വല്ലപ്പോഴും കാണുകയും, വായിക്കുകയും ചെയ്യുമായിരുന്നു. ഫാൽക്കെ അതിന്റെ എഡിറ്റർ കാബോണിനെ കാണുകയും, തന്റെ ദൗത്യത്തെക്കുറിച്ച് പറഞ്ഞു സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ആദ്യം താൽപര്യം കാണിച്ചില്ലെങ്കിലും ഫാൽക്കെയുടെ ഊർജ്ജസ്വലതയും, ആവേശവും അദ്ദേഹത്തിന് ഇഷ്ടമായി. സംവിധായകനും നിർമ്മാതാവും സ്‌ക്രിപ്റ്റ് റൈറ്ററുമായ സുഹൃത്ത് സെസിൽ ഹെപ്‌വർത്തിനെ പരിചയപ്പെടുത്തി. അദ്ദേഹം ഫാൽക്കെയെ തന്റെ സ്റ്റുഡിയോയിലെ വിവിധ ഡിപ്പാർട്ടുമെന്റുകൾ പരിചയപ്പെടുത്തുകയും, ഫിലിം മേക്കിംഗിന്റെ അന്നത്തെ സാങ്കേതികവിദ്യകൾ പഠിപ്പിക്കുകയും ചെയ്തു. ഹെപ്‌വർത്തിന്റെ നിർദ്ദേശപ്രകാരം അൻപത് പൗണ്ട് കൊണ്ട് അന്ന് ലഭ്യമായിരുന്ന മികച്ച മൂവിക്യാമറയായ വില്യംസൺ വാങ്ങുകയും, കൊടാക് ഫിലിമിനും പ്രൊജക്റ്ററിനും ഓർഡർ നൽകുകയും ചെയ്തു. രണ്ടുമാസം ഫാൽക്കെ ലണ്ടനിൽ താമസിച്ചു സിനിമയേയും ഉപകരണങ്ങളേയും കുറിച്ച് പരമാവധി പഠിച്ചു. 1912 ഏപ്രിൽ 1 ന് ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം 'ഫാൽക്കെ ഫിലിംസ് കമ്പനി' രൂപീകരിച്ചു. സിനിമാനിർമ്മിതിയിലേക്കുള്ള ചുവടുവയ്പ്പായിരുന്നത്.

ലണ്ടനിൽ നിന്ന്, മടങ്ങിയെത്തിയ ഫാൽക്കെ ദാദറിൽ 'മധുരാഭവൻ' എന്ന ഒരു ചെറു ബംഗ്ലാവ് വില കൊടുത്തുവാങ്ങി. അതിൽ ഒരു ഗ്ലാസ് റൂം നിർമ്മിച്ചു ഫിലിം പ്രോസസിംഗ് സൗകര്യങ്ങൾ സജ്ജമാക്കി. 1912 മേയിൽ ബുക്ക് ചെയ്തിരുന്ന ഫിലിം യന്ത്രങ്ങൾ ഇംഗ്ലണ്ടിൽ നിന്ന് വന്നെത്തി. കുടുംബാംഗങ്ങളെ ഫിലിം പ്രോസസിംഗ് പഠിപ്പിച്ചു. ഒരു ഫിനാൻഷ്യറുടെ സഹായത്തോടെ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചു. ക്യാമറ വച്ചിട്ട്, ദിവസം ഒരു ഷോട്ട് എന്ന രീതിയിൽ ചിത്രീകരിച്ചു. ഒരു മാസം അങ്ങനെ ചിത്രീകരിച്ച ദൃശ്യങ്ങൾ 'ഗ്രോത്ത് ഓഫ് എ പീ പ്ലാന്റ്' എന്ന പേരിൽ ചെറിയ സിനിമയാക്കി തെരഞ്ഞെടുത്ത വ്യക്തികളെ കാണിച്ചു. അതുകണ്ട രണ്ടുപേർ വലിയ സിനിമ നിർമ്മിക്കാൻ സാമ്പത്തിക സഹായം ചെയ്യാമെന്നേറ്റു.

അങ്ങനെ ഹിന്ദുപുരാണത്തിലെ ഹരിശ്ചന്ദ്രന്റെ കഥ 'രാജാഹരിശ്ചന്ദ്ര' എന്ന പേരിൽ സിനിമയാക്കാൻ തീരുമാനിക്കുകയും, തിരക്കഥ എഴുതുകയും ചെയ്തു. അഭിനയിക്കുന്നതിനും, സാങ്കേതിക വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നതിനും, ആളുകളെ കണ്ടെത്താൻ പത്രങ്ങളിൽ പരസ്യം ചെയ്തു. പുരുഷന്മാർ ധാരാളം വന്നെങ്കിലും, സ്ത്രീകഥാപാത്രങ്ങളായി വേഷമിടാൻ സ്ത്രീകളാരും വന്നില്ല. ഗത്യന്തരമില്ലാതെ പുരുഷന്മാരെ സ്ത്രീവേഷം കെട്ടിച്ചു. സ്‌ക്രിപ്റ്റ്, ഡയറക്ഷൻ, നിർമ്മാണം, പ്രൊഡക്ഷൻ ഡിസൈൻ, മേക്കപ്പ്, എഡിറ്റിംഗ്, ഫിലിം പ്രോസസിംഗ് എന്നിവയ്ക്ക് പുറമെ ക്യാമറ കൈകാര്യം ചെയ്ത ഫാൽക്കെയായിരുന്നു. 9 മാസവും 27 ദിവസവും കൊണ്ടു 3700 അടി ഫിലിം, 4 റീലുകളായി ചിത്രീകരിച്ചു സിനിമ പൂർത്തിയാക്കി. സാമ്പത്തിക പരാധീനതകൾ കൂടെക്കൂടെ അലട്ടിയ, ത്യാഗപൂർണ്ണമായ ഒരു യജ്ഞമായിരുന്നത്.

പൂർത്തിയാക്കിയ ഫിലിം 1913 ഏപ്രിൽ 21 ന് ബോംബെയിലെ ഒളിമ്പിയാ തിയേറ്ററിൽ ക്ഷണിക്കപ്പെട്ടവർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. മെയ് 3 ന് കൊറോണേഷൻ തിയേറ്ററിലായിരുന്നു കൊമേഴ്‌സ്യൽ റിലീസിംഗ്. സിനിമ ജനങ്ങൾക്ക വിസ്മയകരമായ ഒരു നവ്യാനുഭവമായി. ആളുകൾ തിയേറ്ററിൽ ഇടിച്ചുകയറി. സിനിമ വൻവിജയമായി. അങ്ങനെ രാജ്യത്തെ ഫിലിം ഇൻഡസ്ട്രിക്ക് അടിത്തറയിട്ടു. ഫിലിം ചരിത്രകാരന്മാർക്കിടയിൽ വിരുദ്ധ അഭിപ്രായങ്ങളുണ്ടെങ്കിലും, ഇന്ത്യാഗവൺമെന്റ് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന ആദ്യ സിനിമ 'രാജാഹരിശ്ചന്ദ്ര'യാണ്.
'രാജാഹരിശ്ചന്ദ്ര' വൻ സാമ്പത്തിക വിജയം നേടിയതോടെ നളന്റെയും ദമയന്തിയുടെയും കഥ സിനിമയാക്കാൻ ആലോചിച്ചു. എന്നാൽ അതിനുകാലതാമസം വന്നതോടെ, വിഷ്ണുവിന്റെ സ്ത്രീ അവതാരമായ മോഹിനിയുടെയും ബ്രഹ്മാസുരന്റെയും കഥ സിനിമയാക്കാൻ തീരുമാനിച്ചു. ആ സമയത്താണ് 'ചിത്ത കർഷക്' എന്ന നാടകകമ്പനി നാസിക്കിൽ എത്തിയത്. ഫാൽക്കെ അതിന്റെ ഉടമ രഘുനാഥ റാവുഗോഖലെയെ കണ്ട് ട്രൂപ്പിലെ രണ്ട് പെൺകുട്ടികളെ അഭിനയിക്കാൻ വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചു. അയാൾ അതനുവദിച്ചു. അങ്ങനെ ദുർഗ്ഗാബലി കമ്മത്ത് പാർവ്വതിയായും, അവരുടെ മകൾ കമലാബായി ഗോഖലെ മോഹിനിയായും അഭിനയിച്ചു. ഇവരാണ് ഇന്ത്യൻ സിനിമയിലെ ആദ്യസ്ത്രീ അഭിനേതാക്കൾ. 3264 അടി(995 എം) ദൈർഘ്യമുള്ള ഈ സിനിമ 1914 ജനുവരി 2 ന് ബോംബെയിലെ ഒളിമ്പിയാ തിയേറ്ററിൽ റിലീസ് ചെയ്തു. ചെറിയ കോമഡി ഫിലിമായ 'പിത്താചെ പൻജെ'യും ഒപ്പം പ്രദർശിപ്പിച്ചു. ഇതും വൻവിജയമായി. 1914 ജൂൺ 6 ന് 'സത്യവാനും സാവിത്രി'യും എന്ന മൂന്നാമത്തെ സിനിമ റിലീസ് ചെയ്തു. 3680 അടി(1120 എം)യായിരുന്നു ദൈർഘ്യം. ഇതും വൻ ഹിറ്റായി.

സിനിമാനിർമ്മിതിയിൽ സാങ്കേതികമായും കലാപരമായും വൻകുതിച്ചുചാട്ടമുണ്ടായെങ്കിലും, ഫാൽക്കെയ്ക്ക് അതുമായി പൊരുത്തപ്പെടാനോ, മാറ്റം ഉൾക്കൊള്ളാനോ കഴിഞ്ഞില്ല. ശബ്ദ സിനിമയോട് അദ്ദേഹം വിമുഖത കാട്ടി. കാലപ്രവാഹത്തിൽ അദ്ദേഹം പിൻതള്ളപ്പെട്ടു. 1932 ൽ പുറത്തിറങ്ങിയ 'സേതുബന്ധൻ'എന്ന നിശബ്ദ ചിത്രം ബോക്‌സോഫീസിൽ പരാജയമടഞ്ഞു. മാറിയ കാലത്തിനനുസരിച്ച് നിർമ്മിച്ച ശബ്ദചിത്രമായ 'ഗംഗാവതാര'മായിരുന്നു ഫാൽക്കെയുടെ അവസാന സിനിമ. അതു വിജയകരമാകാതിരുന്നതോടെ അദ്ദേഹം വ്രണിത ഹൃദയനും നിരാശാഭരിതനുമായിത്തീർന്നു. അദ്ദേഹം ഏറെക്കുറെ ഒറ്റപ്പെട്ടു. ഇന്ത്യൻ സിനിമയുടെ ആ പിതാവ് 1944 ഫെബ്രുവരി 16 ന് അന്തരിച്ചു. എങ്കിലും സിനിമ ഇരുപതാം നൂറ്റാണ്ടിന്റെ കലാരൂപമെന്ന നിലയിൽ വളർച്ച പ്രാപിക്കും മുൻപ്, തനതായ വ്യാകരണവും ലാവണ്യസിദ്ധാന്തങ്ങളും രൂപപ്പെട്ടുവരും മുൻപ്, സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റിവച്ച, കാലത്തിനു മുന്നേ സഞ്ചരിച്ച ആ ധിഷണാശാലി എന്നെന്നും ഓർമ്മിക്കപ്പെടും.

ഭരതവാക്യം:
2023 ലെ ഫാൽക്കെ  പുരസ്‌ക്കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷവും നന്ദിയുമുണ്ട്. എന്നെ തെരഞ്ഞെടുത്ത ജൂറിക്കും കേന്ദ്ര സർക്കാരിനും നന്ദി. എന്റെ പ്രേക്ഷകരോടും എന്നെ ഞാനാക്കി മാറ്റിയ എല്ലാവരോടും സിനിമാകുടുംബത്തിനോടും എന്റെ കുടുംബത്തോടും നന്ദി. ഇത് എന്റെ മാത്രം അംഗീകാരമല്ല. മലയാള സിനിമയുടെ അംഗീകാരമാണ്. എന്നെ സ്‌നേഹിക്കുന്ന എല്ലാവരുമായും ഈ പുരസ്‌ക്കാരം ഞാൻ  പങ്കുവയ്ക്കുന്നു.
- മോഹൻലാൽ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img