
ദോഹ: ഖത്തർ സോഷ്യൽ വർക്ക് ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന സാമൂഹിക ഗവേഷണ അവാർഡിന് (Social Researcher Award) സാമ്പത്തിക പിന്തുണ നൽകുന്നതിനായി സാമൂഹിക-കായിക സംഭാവന ഫണ്ടായ 'ദാം' (DAAM) കരാറിൽ ഒപ്പുവെച്ചു. സാമൂഹിക മേഖലയിലെ ശാസ്ത്രീയ ഗവേഷണ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും നയരൂപീകരണത്തിന് ആവശ്യമായ പഠനങ്ങൾ വ്യാപിപ്പിക്കുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്.
സ്കൂൾ-സർവ്വകലാശാലാ വിദ്യാർത്ഥികൾ, ഗവേഷകർ, അക്കാദമീഷ്യന്മാർ, സാമൂഹിക ക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. സാമൂഹിക വെല്ലുവിളികൾക്ക് നൂതന ശാസ്ത്രീയ പരിഹാരങ്ങൾ കണ്ടെത്താനും ഗവേഷണ നൈപുണ്യങ്ങൾ വളർത്താനും പദ്ധതി സഹായിക്കും.
സാമൂഹിക വികസനത്തിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഇത്തരം മുൻനിര ദേശീയ പദ്ധതികളെ പിന്തുണയ്ക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ദാം ഷെയർഡ് സർവീസസ് ഡയറക്ടർ യൂസഫ് മുഹമ്മദ് അൽ നുഐമി വ്യക്തമാക്കി. ഖത്തർ സോഷ്യൽ വർക്ക് ഫൗണ്ടേഷന്റെ തന്ത്രപ്രധാനമായ പങ്കാളിയാണ് 'ദാം' എന്നും, സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ സഹകരണം സഹായിക്കുമെന്നും ഖത്തർ സോഷ്യൽ വർക്ക് ഫൗണ്ടേഷൻ സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടർ ഷൈമ അഹമ്മദ് അൽ ജന്നാഹി പറഞ്ഞു.
2010-ൽ സ്ഥാപിതമായത് മുതൽ കൾച്ചറൽ, സോഷ്യൽ, സ്പോർട്സ്, ചാരിറ്റബിൾ മേഖലകളിൽ നിരവധി മുൻനിര പദ്ധതികൾക്ക് 'ദാം' സാമ്പത്തിക സഹായം നൽകിവരുന്നുണ്ട്.











