
സിപിഐയുടെ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും. പഞ്ചാബിൽ നടന്ന ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിലാണ് ഡി രാജയെ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രാജയ്ക്കുമാത്രം പ്രായപരിധിയിൽ ഇളവ് അനുവദിച്ചാണ് ജനറൽ സെക്രട്ടറി പദവിയിൽ തുടരാൻ പാർട്ടി കോൺഗ്രസ് അനുവദിച്ചത്. അതേസമയം, സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കി.
പ്രായപരിധിയിൽ രാജയ്ക്ക് ഒരു തവണകൂടി അവസരം നൽകണമെന്ന് ചില പ്രതിനിധികൾ ആവശ്യപ്പെട്ടു. ഐകകണ്ഠ്യേനയുള്ള തീരുമാനമായിരുന്നെന്ന് ഡി.രാജ പ്രതികരിച്ചു.
കേരളത്തിൽ നിന്നും കെ. പ്രകാശ്ബാബുവും പി.സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടേറിയറ്റിലെത്തി. സംസ്ഥാന സെക്രട്ടറിയായി കേരളത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടതിനാൽ ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിൽനിന്ന് സ്വയം ഒഴിഞ്ഞു.
രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദലിത് നേതാവായ രാജ 2019 മുതൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. സുധാകർ റെഡ്ഡി അനാരോഗ്യത്തെ തുടർന്ന് ഒഴിഞ്ഞപ്പോഴാണ് ആദ്യ അവസരം ലഭിച്ചത്. 2022 വിജയവാഡ പാർട്ടി കോൺഗ്രസിലും രാജ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.











